മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഴ്സ് ഉള്‍പ്പെടെ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രോഗിയെ പരിചരിച്ചതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. ഇവര്‍ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തിലാണ് ഡിസ്ചാര്‍ജ്ജ് ചെയ്തതിനു ശേഷം പുഴുക്കളെ കണ്ടെത്തിയത്.

കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന കിടപ്പുരോഗിയാണ് അനില്‍കുമാര്‍. 2020 ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് പരിക്കേറ്റാണ് കിടപ്പിലായത്.
ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 2020 ആഗസ്ത് 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 6-9- 2020 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26-9-2020 ന് അനില്‍കുമാറിന് കൊവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →