സ്പെഷ്യൽ റിപ്പോര്‍ട്ട്
നിശാന്ത് പരിയാരം

ഐഷ ഓർക്കുന്നുണ്ട്; മയിലുകളുള്ള തന്റെ പഴയ നാടിനെ

September 25, 2020 - 4:30 pm

ചണ്ഡീഗഡ്: വിഭജനത്തിൻ്റെ മുറിവുകളും പേറി ജീവിക്കുന്ന എത്രയോ മനുഷ്യർ ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും അതിർത്തി ഗ്രാമങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ട്. അങ്ങനെയൊരാൾ ഈ മാസം ആദ്യം പാക്കിസ്ഥാൻ്റെ പഞ്ചാബ് പ്രവിശ്യയിലെ മൈൽസിയിൽ നിന്നും 266 കിലോമീറ്റർ ഇപ്പുറത്ത് ഇന്ത്യയിലെ ബിക്കാനീറിലെ മോർഖാനയിലേക്ക് ഒരു വീഡിയോ കാൾ ചെയ്തു. 73 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലെ തന്റെ സഹോദരങ്ങളുടെ കൊച്ചുമക്കളോട് കണ്ണു നിറഞ്ഞ് സംസാരിച്ചു.

1947 ൽ വിഭജനകാലത്ത് അതിർത്തിയറിയാതെ പാക്കിസ്ഥാൻ്റെ ഭാഗത്ത് എത്തിച്ചേരുകയും അവിടെ നിന്ന് തട്ടിക്കൊണ്ടു പോകപ്പെടുകയും ചെയ്ത ഡാഫിയ ബായ് എന്ന 13 കാരി ഇന്ന് അയ്ഷയാണ്. 86-ാം വയസ്സിലും ധാരാളം മയിലുകളുണ്ടായിരുന്ന തൻ്റെ ഗ്രാമത്തെ കുറിച്ച് അവർ ഓർക്കുന്നുണ്ട്.

73 വർഷമായി ഐഷ എന്ന ഡാഫിയ തന്റെ ഭൂതകാലത്തെ തിരയുകയാണ്. സഹോദരങ്ങളെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും അവർ ഓർക്കുന്നുണ്ട്, മറ്റൊന്നും അറിയില്ല , ആരൊക്കെ എന്തൊക്കെ , എവിടെയൊക്കെയാണെന്ന് ഒന്നും ..

തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷം ഡാഫിയയെന്ന മേഖ്വാൾ സമുദായക്കാരിയായ പെൺകുട്ടി ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെട്ടു, വിവാഹിതയായി ഏഴ് മക്കളുടെ അമ്മയുമായി. ഇന്ത്യയിലെ തൻ്റെ സഹോദരങ്ങളെ കുറിച്ചും ബന്ധുക്കളെ കുറിച്ചും പലരോടും അന്വേഷിച്ചു , എന്തെങ്കിലും വിവരം തിരക്കാൻ പലർക്കും പണം കൊടുത്തു , ചിലർക്ക് നെയ് കൊടുത്തു പക്ഷേ എല്ലാം പാഴായി , ആർക്കും ഒന്നും അറിയില്ലായിരുന്നു.

2019 ഓഗസ്റ്റിലാണ് ഡാഫിയയുടെ കഥ പാക്കിസ്ഥാനി യൂട്യൂബറായ മുഹമ്മദ് അലാംഗിർ പുറം ലോകത്തെ അറിയിക്കുന്നത്. അയ്ഷയുടെ കൊച്ചുമകനായ നസീറിൻ്റെ ഒരു സുഹൃത്തിൽ നിന്നുമാണ് അലാംഗിർ ഈ കഥയറിയുന്നത്. വിഭജനകാലത്ത് 13 കാരിയായ ഒരു പെൺകുട്ടിയെ നഷ്ടപ്പെട്ട ഏതെങ്കിലും കുടുംബത്തെ കുറിച്ച് ആർക്കെങ്കിലും അറിയുമോ എന്ന് അലാംഗിറിൻ്റെ വീഡിയോ ചോദിച്ചു. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാൻ പിന്നെയും വേണ്ടി വന്നു ഒരു വർഷം.

വിഭജനകാല കഥകളിൽ താൽപര്യമുണ്ടായിരുന്ന ഡൽഹി സ്വദേശിയായ സയ്യിദ് മുഹമ്മദ് ഖാനെന്ന യുവാവ് അലാംഗിറിൻ്റെ വീഡിയോ പങ്കുവച്ചു. വീഡിയോയിൽ പറഞ്ഞ സൂചനകൾ വച്ച് മയിലുകൾ നിറഞ്ഞ ബിക്കാനീറിലെ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക് ഐഷയെന്ന വൃദ്ധയുടെ കഥ കൊണ്ടുവരികയും ചെയ്തു. ആ അന്വേഷണം പലരിലൂടെ സഞ്ചരിച്ച് ഒടുവിൽ ബിക്കാനീർ മോർഖാനയിലെ ഒരു മേഖ്വാൾ കുടുംബത്തിലേക്ക് എത്തിച്ചേർന്നു. കൊച്ചു മകനായ നസീറിൻ്റെ ഫോണിൽ നിന്നും പഴയ ഡാഫിയ ബായി വിളിച്ചപ്പോൾ ഇങ്ങേത്തലയ്ക്കൽ അവരുടെ സഹോദരങ്ങളുടെ കൊച്ചുമക്കളും കുടുംബാംഗങ്ങളുമെല്ലാം കൂടി ഇരുപതോളം പേരുണ്ടായിരുന്നു. കണ്ണ് നിറഞ്ഞ് ഫോണിൻ്റെ സ്ക്രീനിൽ ഉമ്മ വച്ച ആ വൃദ്ധയ്ക്ക് ഏറെയൊന്നും സംസാരിക്കാനായില്ല. ധാരാളം മയിലുകളുള്ള തൻ്റെ ഗ്രാമത്തെ പറ്റി അവർ പറയാറുണ്ടെന്ന് കൊച്ചുമകനായ നസീർ ഇങ്ങേത്തലയ്ക്കലെ ബന്ധുക്കളോട് പറഞ്ഞു. പതിനായിരക്കണക്കിന് പട്ടാളക്കാരും മിസൈലുകളും ബോംബർ വിമാനങ്ങളും കാവലിരിക്കുന്ന ലോകത്തിലെ ഏറ്റവും സംഘർഷ മേഖലയായ ഒരു അന്താരാഷ്ട്ര അതിർത്തി ഏതാനും പച്ച മനുഷ്യരുടെ സ്നേഹ വാൽസല്യങ്ങൾക്കു മുൻപിൽ അൽപ നേരം മാഞ്ഞു പോയി.

ഡാഫിയയുടെ സഹോദരങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല , ഒരു സഹോദരി അകലെ മറ്റൊരു ഗ്രാമത്തിലുണ്ട്. അവർ തമ്മിൽ കണ്ട് സംസാരിക്കാനും മരുമക്കളും കൊച്ചുമക്കളും വൈകാതെ അവസരമൊരുക്കും. മയിലുകൾ നൃത്തം ചെയ്തിരുന്ന തൻ്റെ പഴയ നാട്ടിലേക്ക് വരാൻ ഒരവസരം വേണമെന്നാണ് ചുളിവു ബാധിച്ച മുഖവും നനവാർന്ന കണ്ണുകളുമുള്ള ആ വൃദ്ധ മാതാവിൻ്റെ അടുത്ത ആഗ്രഹം .

നിശാന്ത് പരിയാരം മാധ്യമപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമാണ്

Share
samadarsi2@gmail.com'

About നിശാന്ത് പരിയാരം

View all posts by നിശാന്ത് പരിയാരം →

Leave a Reply

Your email address will not be published. Required fields are marked *