തിരുവനന്തപുരം | മേയ് 29
ഭരണമൊഴിഞ്ഞ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരമായി പുതിയ അതിവേഗ റെയിൽപാത പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി യുഡിഎഫ് സർക്കാർ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇ. ശ്രീധരൻ നേരത്തെ മുന്നോട്ടുവച്ച ബദൽ അതിവേഗ റെയിൽപാതയുടെ രൂപരേഖ പ്രധാന ചർച്ചയാകും എന്നാണ് വിവരം. സംസ്ഥാനത്തെ ഗതാഗത വികസനത്തിന് പുതിയ ദിശയൊരുക്കുന്ന ചർച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം പൊന്നാനി എംഎൽഎ കെ പി നൗഷാദലി ഇ. ശ്രീധരനെ വീട്ടിലെത്തി കണ്ടിരുന്നു. സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ അറിയിച്ചതായും നൗഷാദലി വ്യക്തമാക്കി.
വികസന വിഷയങ്ങളിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്ന നിലപാടും നൗഷാദലി പ്രതികരണമായി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന സന്ദേശമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യത എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അതേസമയം സിൽവർ ലൈനിന് പകരമായി ഇ. ശ്രീധരൻ നിർദേശിച്ച ബദൽ പാത ചർച്ച ചെയ്യാൻ അന്നത്തെ സർക്കാർ തയ്യാറായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇപ്പോൾ യുഡിഎഫ് സർക്കാർ പുതിയ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽ വികസന ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. മുഖ്യമന്ത്രിയും ഇ. ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും പദ്ധതിയുടെ ഭാവിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.