കൊൽക്കത്ത | മേയ് 29
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആർഎസ്എസ് അനുബന്ധ സംഘടനകളായ എബിവിപിയുടെയും ബിഎംഎസിന്റെയും പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി. സ്വയം എബിവിപി, ബിഎംഎസ് പ്രവർത്തകരെന്ന് അവകാശപ്പെടുന്ന തൃണമൂൽ പ്രവർത്തകർക്കെതിരെ സംഘടനകൾ രംഗത്തെത്തി.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മേയ് 4ന് ശേഷമാണ് ഇത്തരം സംഭവങ്ങൾ വർധിച്ചതെന്ന് എബിവിപി സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. ഇതുവരെ 17 പരാതികൾ പൊലീസിന് നൽകിയതായും സംഘടന വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ നിരവധി ഗ്രൂപ്പുകൾ പേര് മാറ്റി എബിവിപിയുടെ പേരിൽ പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ നീക്കമെന്നും എബിവിപി പറയുന്നു.
വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യാജ എബിവിപി ലെറ്റർഹെഡ് ഉപയോഗിച്ച് ഗവർണർ ആർ.എൻ. രവിക്ക് നിവേദനം നൽകിയ സംഭവവും സംഘടന ചൂണ്ടിക്കാട്ടി. തൃണമൂൽ വിദ്യാർഥി സംഘടനയായ ടിഎംസിപിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ഈ വ്യാജ നിവേദനം നൽകിയതെന്നാണ് ആരോപണം.
എബിവിപി സംസ്ഥാന സെക്രട്ടറി നീലകണ്ഠ ഭട്ടാചാര്യയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് പുറത്തുവിട്ടത്. മുമ്പ് ടിഎംസിപി പേരിൽ പ്രവർത്തിച്ചിരുന്ന ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഇപ്പോൾ എബിവിപിയുടെ പേര് ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഗ്രൂപ്പുകളെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി നിരീക്ഷണം തുടരുകയാണെന്നും എബിവിപി നേതൃത്വം അറിയിച്ചു. വിഷയം രാഷ്ട്രീയ വിവാദമായും മാറുന്നുണ്ട്.