പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച പരാതി വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയില്‍. പൊലീസുകാർക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് കാണിച്ച്‌ വീട്ടമ്മ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനുളള മറുപടി സത്യവാങ്മൂലത്തിലാണ് പരാതി വ്യാജമെന്ന് സർക്കാർ വ്യക്തമാക്കിയത്.പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പരാതിയില്‍ യാതൊരടിസ്ഥാനവുമില്ലെന്നും കളളപ്പരാതിയാണെന്നും സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു.

മലപ്പുറം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഫിറോസ് എം ഷെഫീഖ് ആണ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. സുജിത് ദാസിനും ഡിവൈഎസ്പി വിവി ബെന്നി ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥർക്കും എതിരെയാണ് വീട്ടമ്മ ആരോപണവുമായി രംഗത്തെത്തിയത്
.

കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്ന് സത്യവാങ്മൂലത്തില്‍

ആരോപണത്തില്‍ കേസെടുക്കാനുളള തെളിവില്ലെന്ന് സത്യവാങ്മൂലത്തില്‍ പൊലീസ് പറഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുളള തെളിവുകള്‍ പോലും ഇല്ല. വീട്ടമ്മയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും സാഹചര്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവം നടന്ന സ്ഥലങ്ങള്‍, തീയതി എന്നിവ ഉള്‍പ്പെടെ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇതുപോലുളള വ്യാജപരാതികളില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വീട്ടമ്മ പറഞ്ഞതിനോട് പൊരുത്തപ്പെടുന്ന തെളിവുകള്‍ ഇല്ല.

വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് തെളിവെടുപ്പും പരിശോധനകളും നടത്തിയിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് ആരോപണ വിധേയനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം കോയമ്പത്തൂരില്‍ ആയിരുന്നു. എസ്പി അടക്കമുളളവരുടെ ഡ്യൂട്ടി രജിസ്റ്ററുകളും പരിശോധിച്ചു. ഇതിലൊന്നും വീട്ടമ്മ പറഞ്ഞതിനോട് പൊരുത്തപ്പെടുന്ന തെളിവുകള്‍ ഇല്ല.
സംഭവത്തിന് ശേഷം മലപ്പുറത്ത് നിന്ന് കോട്ടയ്‌ക്കലിലേക്ക് പോയത് എങ്ങനെയാണെന്ന് പൊലീസ് വീട്ടമ്മയോട് ആരാഞ്ഞിരുന്നു. ഒരു തവണ ഓട്ടോയ്‌ക്കാണെന്ന് പറഞ്ഞ ഇവർ പിന്നീട് ബസിലാണെന്നും പറഞ്ഞു. സംഭവം നടന്ന സ്ഥലങ്ങളെക്കുറിച്ചും കൃത്യമായ മൊഴി നല്‍കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നു.

സുജിത്തിനെതിരെ പിവി അൻവർ രംഗത്ത് വന്നതോടെയാണ് ഇക്കാര്യം പറയാൻ ധൈര്യം ലഭിച്ചത്

പിവി അൻവർ സുജിത് ദാസിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് വീട്ടമ്മ ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയപ്പോള്‍ സിഐ പീഡിപ്പിച്ചുവെന്നും പിന്നീട് പലപ്പോഴായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പീഡിപ്പിച്ചുവെന്ന് ആയിരുന്നു ഇവരുടെ ആരോപണം. സുജിത്തിനെതിരെ പിവി അൻവർ രംഗത്ത് വന്നതോടെയാണ് തനിക്ക് ഇക്കാര്യം പറയാൻ ധൈര്യം ലഭിച്ചതെന്ന് ആയിരുന്നു വീട്ടമ്മയുടെ വിശദീകരണം. എന്നാല്‍ പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ വീട്ടമ്മ ഉള്‍പ്പെടെയുളളവർ നിയമ നടപടി നേരിടേണ്ടി വരുന്ന സ്ഥിതിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →