സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയാകുന്ന വീഡിയോ ഇതിനകം തന്നെ പ്രചരിച്ചിരുന്നു. ഗുസ്തി താരമായ അങ്കിത് ബയാൻ പുരിയയും പ്രധാനമന്ത്രിക്കൊപ്പം പങ്കാളിയായത് ശ്രദ്ധേയമായി.
പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അങ്കിത് ബയാൻപുരിയ്ക്കൊപ്പം ശുചിത്വ മിഷന്റെ ഭാഗമാകുകയാണെന്നും മോദി വീഡിയോക്കൊപ്പം കുറിക്കുന്നുണ്ട്. ഫിറ്റ്നസും ആരോഗ്യവും ചർച്ചാ വിഷയമാണെന്നും ശുചിത്വമുളള ആരോഗ്യകരമായ ഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി ജയന്തിക്ക് മുന്നോടിയായി തന്നെ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മോദി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം രാജ്യത്തിന്റെ പലയിടങ്ങളിലും ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ മറ്റ് കേന്ദ്ര മന്ത്രിമാരും നിരവധി ബിജെപി നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പരിപാടിയിൽ ഏർപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലും ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ഡൽഹിയിലും ശുചീകരണ പരിപാടിയിൽ പങ്കാളിയായി

