ന്യൂഡൽഹി: ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കു ത്രിഭാഷാ പഠനം നിർബന്ധമാക്കിയുള്ള സിബിഎസ്ഇ നയത്തിനെതിരായ ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കുമെന്ന് സുപ്രീംകോടതി.പുതിയ തീരുമാനം കുട്ടികൾക്ക് അനാവശ്യ ഭാരം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി ഒരുകൂട്ടം രക്ഷിതാക്കളും അധ്യാപകരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പത്താം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്കുള്ള അവരുടെ തയാറെടുപ്പുകളെ ബാധിക്കും
ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ പെട്ടെന്നു രണ്ട് അധിക ഭാഷകൾകൂടി പഠിക്കണമെന്നു നിർബന്ധിക്കുന്നത് പത്താം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്കുള്ള അവരുടെ തയാറെടുപ്പുകളെ ബാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മുന്പാകെ ഇന്നലെ വിഷയം പരാമർശിച്ചതോടെയാണു വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
ത്രിഭാഷാ പഠനം നടപ്പാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സർക്കുലർ കഴിഞ്ഞയാഴ്ചയാണ് സിബിഎസ്ഇ പുറത്തിറക്കിയത്.
ജൂലൈ ഒന്നുമുതൽ ത്രിഭാഷാ പഠനം നടപ്പാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സർക്കുലർ കഴിഞ്ഞയാഴ്ചയാണ് സിബിഎസ്ഇ പുറത്തിറക്കിയത്. മൂന്നു ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. വിദേശഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ രണ്ടു ഭാഷകളും ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ മൂന്നാം ഭാഷയായി അതു തെരഞ്ഞെടുക്കാൻ അനുവാദമുള്ളൂവെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.