വനിതാ ലോകകപ്പിന് ജൂലൈ 20ന് തുടക്കം

സിഡ്‌നി: വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് 20/07/23 വ്യാഴാഴ്ച ന്യൂസിലന്‍ഡില്‍ തുടക്കമാകും. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് നോര്‍വെയെ നേരിടും. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ അയര്‍ലന്‍ഡുമായും ഏറ്റുമുട്ടും.

യു.എസ്.എ. തന്നെയാണ് ഇത്തവണയും കപ്പ് ഫേവറിറ്റ്. തുടര്‍ച്ചയായ മൂന്നാം ലോകകിരീടം ഉയര്‍ത്താനാണ് യു.എസ്.എയുടെ വരവ്. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, സ്വീഡന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍ എന്നിവരും കപ്പ് മോഹിച്ചുതന്നെയാണ് ഓഷ്യാനിയയിലേക്കു വിമാനം കയറിയത്. നാലുവര്‍ഷം മുന്‍പ് ഫൈനലില്‍ നെതര്‍ലന്‍ന്‍ഡ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് യു.എസ്.എ. കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ സമ്മാനത്തുകയില്‍ മൂന്നുമടങ്ങ് വര്‍ധനയാണ് ഇത്തവണ ഫിഫ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുരുഷവിഭാഗത്തിലെ അതേ സമ്മാനത്തുക തന്നെയാകും വനിതാ ലോകകപ്പിലും നല്‍കുക.

യു.എസിന്റെ കരുത്തായ മേഗന്‍ റാപിനോ, അലക്‌സ് മോര്‍ഗന്‍, ബ്രസീലിന്റെ മാര്‍ത്ത, സ്പാനിഷ് താരം അലക്‌സിയ പ്യുട്ടെയാസ്, ഓസ്‌ട്രേലിയയുടെ സാം കെര്‍, ഇംഗ്ലണ്ടിന്റെ കെയ്‌റ വാല്‍ഷ്, നോര്‍വെയുടെ അദാ ഹെഗര്‍ബര്‍ഗ് തുടങ്ങിയവരാണ് ശ്രദ്ധിക്കേണ്ട താരങ്ങള്‍. ഇതില്‍ മേഗന്‍ റാപിനോയും മാര്‍ത്തയും ഈ ലോകകപ്പോടെ വിരമിക്കാനിരിക്കുകയാണ്. ലോകകിരീടവുമായി കളമൊഴിയാനുള്ള മോഹത്തിലാണ് റാപിനോയും മാര്‍ത്തയും. ഇത് അലക്‌സ് മോര്‍ഗന്റെ അവസാന ലോകകപ്പ് ആവാനാണു സാധ്യത.

ക്യാപ്റ്റന്‍ ലിയ വില്യംസണും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബെത്ത് മെഡലും ഫ്രാന്‍കിര്‍ബിയും പരുക്കേറ്റു പുറത്തായത് ഇംഗ്ലണ്ട് ടീമിന് കടുത്ത തിരിച്ചടിയാണ്. ഡച്ച് ഫോര്‍വേഡ് വിവയന്‍ മിഡേമ, ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെല്‍ഫിന്‍ കാസകറിനോ, മാരി കാറ്റോറ്റോ, യു.എസിന്റെ കാതറിന മക്കാരിയോ, മലോറി സ്വന്‍സണ്‍ എന്നിവര്‍ക്കും ഇത്തവണ പരുക്കുമൂലം ലോകകപ്പ് നഷ്ടമായി.

Share
അഭിപ്രായം എഴുതാം