ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ. ഞായറാഴ്ച ഹൈദരാബാദിൽ നടക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ പങ്കെടുത്തേക്കും. സംസ്ഥാനതലത്തിൽ പാർട്ടി നേതൃത്വത്തിൽ മാറ്റമുണ്ടായേക്കാമെന്ന അഭ്യൂഹം പരക്കുന്ന സാഹചര്യത്തിലാണ് നഡ്ഡ യോഗം വിളിച്ചിരിക്കുന്നത്.
തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ആസൂത്രണം ചെയ്തേക്കും. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് , തെലങ്കാന, മിസോറം എന്നിവിടങ്ങളിൽ പയറ്റേണ്ട തന്ത്രങ്ങളെക്കുറിച്ചും പാർട്ടി നേതൃത്വം ചർച്ച ചെയ്യും.
വ്യാഴാഴ്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളുടെ ഒരു യോഗം ഗുവാഹട്ടിയിൽ വിളിച്ചു ചേർത്തിരുന്നു.



