കോഴിക്കോട് : കൊയിലാണ്ടിയിൽ ഐസ്ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾപുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള, കുട്ടിയുടെ പിതൃസഹോദരി താഹിറ ഐസ്ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരിക്കുളത്തെ ഒരു കടയിൽ നിന്നാണ് താഹിറ ഐസ്ക്രീം വാങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരിയാണ് താഹിറ.
കൊയിലാണ്ടി തയ്യിലിലെ വളക്കടയിൽ നിന്നാണ് താഹിറ വിഷം വാങ്ങിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവ രണ്ടും കേസിൽ വളരെ നിർണായകമാണ്. ഐസ്ക്രീം വാങ്ങി താഹിറ നേരെ എത്തിയത് കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയത്. താഹിറ മരിച്ച വിദ്യാർത്ഥിയുടെ മാതാവിനാണ് ഐസ്ക്രീം നൽകാൻ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഈ സമയത്ത് വീട്ടിൽ കുട്ടിയും പിതാവും മാത്രമാണുണ്ടായിരുന്നത്.
2023 ഏപ്രിൽ 16 ഞായറാഴ്ചയാണ് കൊയിലാണ്ടി സ്വദേശിയായ കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് മരിച്ചത്. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. താഹിറയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച വീട്ടിൽ വച്ച് ഐസ്ക്രീം കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

