റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : വിവാഹ ആലോചന നിരസിച്ചതിന് സൂര്യ​ഗായത്രി എന്ന യുവതിയെ കുത്തികൊന്ന കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ 31/03/23 വെള്ളിയാഴ്ച വിധി പറയും. നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.

ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. 

തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു. 

നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിർണായകമായി. വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താൻ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ അക്രമത്തിനിടെ പരിക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടർ ഈ വാദം തള്ളി. 

സൂര്യഗായത്രിയെ കുത്തി ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതൽ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കുറ്റപത്രം നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *