നൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്റെ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ലോകത്തെ ആദ്യത്തെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയില്‍ ആരംഭിച്ചു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ചൈന നാഷണല്‍ ബയോട്ടിക് ഗ്രൂപ്പ് (സി.എന്‍.ബി.ജി.), അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42 എന്നിവര്‍ അബുദാബി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാകും പരീക്ഷണങ്ങള്‍ നടത്തുക.
ഈ വര്‍ഷം അവസാനമോ, 2021 തുടക്കത്തിലോ വാണിജ്യാടിസ്ഥാനത്തില്‍ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടമായാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നത്. ആദ്യഘട്ടത്തില്‍ വാക്‌സിന്റെ സുരക്ഷ പരിശോധിച്ചു. മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നാണ് പരിശോധിച്ചത്.
വാക്‌സിന്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാകും എന്നതാണ് രണ്ടാംഘട്ടത്തില്‍ പഠനം നടത്തിയത്. ഇതിനായി സാംപിളുകളില്‍ പരീക്ഷണം നടത്തി. പരീക്ഷണത്തില്‍ പങ്കെടുത്ത മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരിലും 28 ദിവസങ്ങള്‍ക്കുള്ളില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടതായി കണ്ടെത്തി.
കോവിഡിനെ അതിജീവിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങള്‍ വിജയത്തിലെത്തുകയാണെന്ന് അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് പറഞ്ഞു.



