ന്യൂഡല്‍ഹി: ഓക്സ് ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിൽ ഏറെക്കുറെ വിജയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വാക്സിൻ പുറത്തിറങ്ങിയേക്കും. ഓക്സ്ഫോർഡ് സർവ്വകലാശാലയ്ക്ക് പുറമേ ജൈവ സാങ്കേതിക കമ്പനിയായ മോഡേണയുടെ വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്. ജൂലൈ 27-ന് മനുഷ്യരിൽ അവസാന വട്ട പരീക്ഷണം നടത്തും.
വാക്സിൻ തയ്യാറാകുന്ന പക്ഷം ലോകമാകെ മരുന്ന് വിതരണം ചെയ്യുവാൻ ഇവ വികസിപ്പിച്ചെടുത്ത രാജ്യങ്ങൾ തയ്യാറാകണമെന്ന് സ്പെയിൻ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, എത്യോപ്യ , കാനഡ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു കഴിഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. വാക്സിനുകൾ ജീവൻ രക്ഷാ ഉപാധിയാണ്. അതിനാലാണ് ലോകമെമ്പാടും വാക്സിൻ പരീക്ഷണം നടന്നു വരുന്നത്. വാക്സിൻ കണ്ടെത്തിയാൽ ലോകമെമ്പാടുമുള്ള രോഗികൾക്ക് അവ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തണമെന്നും ട്രുഡോ ട്വീറ്ററിൽ കുറിച്ചു. വിവിധ ലോകനേതാക്കളെയും ഇവർ ട്വീറ്റിൽ ടാഗ് ചെയ്തു.
വാക്സിൻ വിതരണം അസമത്വമുണ്ടാക്കാന്‍ പാടില്ലെന്ന് ലോക നേതാക്കൾ പറയുന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുവാൻ വാക്സിൻ പ്രധാന ഘടകമാകുമെന്ന് ഇവർ വിലയിരുത്തുന്നു.
കൊവിഡ് വാക്സിൻ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ലോകമാകെ രോഗികൾക്ക് ഇവയുടെ ലഭ്യത കൂടി ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കാനഡ അടക്കമുള്ള രാജ്യങ്ങൾ.



