റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭുവനേശ്വര്‍: ആശുപത്രിയില്‍നിന്ന് മടങ്ങുംവഴി ഭാര്യ മരിച്ചതോടെ ഓട്ടോയില്‍നിന്ന് ഇറക്കിവിട്ടു, മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒടുവില്‍ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ആംബുലന്‍സ് വിളിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 33 വയസുകാരനായ ഇഡെ സാമുലുവാണു ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നത്. അസുഖബാധിതയായ ഭാര്യ ഈഡെ ഗുരുവിനെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സാങ്കിവലസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയോട് പ്രതികരിക്കുന്നത് നിര്‍ത്തിയതിനെത്തുടര്‍ന്ന് അവരെ സ്വദേശമായ ഒഡീഷയിലെ സൊറാഡയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. ഇതനുസരിച്ച് 130 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു പോകാന്‍ സാമുലു ഒരു ഓട്ടോ വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഓട്ടോയില്‍ യാത്ര തുടങ്ങി 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴെക്കും ഈഡെ ഗുരു മരിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയും ഇവരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു. സാമുലുവിന്റെ കൈയിലുണ്ടായിരുന്ന രണ്ടായിരം രൂപ ഓട്ടോ ഡ്രൈവര്‍ നേരത്തേ തന്നെ കൈപ്പറ്റുകയും ചെയ്തിരുന്നു. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി 110 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് സാമുലു നടക്കാന്‍ തുടങ്ങി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി വിവരം തിരക്കിയെങ്കിലും ഭാഷ മനസിലാകാത്തത് കാരണം കാര്യങ്ങള്‍ വ്യക്തമായില്ല. പിന്നീട് ഒഡിയ ഭാഷ അറിയുന്ന ഒരാളുടെ സഹായത്തോടെ വിവരങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് നാട്ടുകാര്‍ സമാഹരിച്ചതുള്‍പ്പെടെ പതിനായിരത്തോളം രൂപ സാമുലുവിനു കൈമാറുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സ് പോലീസ് ഇടപെട്ട് ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *