തിരുവനന്തപുരം: വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ കർഷകരെയും കൃഷിയെയും സംരക്ഷിക്കുവാൻ ഫലപ്രദമായ ഒരു മാതൃക അടയ്ക്കാത്തോട്ടിൽ നടപ്പാക്കിയിട്ടുണ്ട്. വന്യമൃഗങ്ങൾ കൃഷിഭൂമി നശിപ്പിക്കുന്ന അനുഭവം കൊണ്ട് ഇവിടുത്തെ കർഷകർ പൊറുതിമുട്ടിയ സ്ഥിതിയിലായിരുന്നു. നിരവധി സമരങ്ങൾ ഈ കാര്യത്തിൽ ഇവിടുത്തെ കർഷകർ നടത്തി.

കൃഷിഭൂമിയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതിന് ശാശ്വത പരിഹാരമായി കർഷകർ നിർദ്ദേശിച്ചത് കോൺക്രീറ്റ് ഭിത്തി കെട്ടി കൃഷിഭൂമിയെ വനാതിർത്തിയിൽ നിന്ന് വേർതിരിക്കുക എന്നുള്ളതായിരുന്നു. മുള്ളുവേലിയും ഇലക്ട്രിക് വേലിയും എല്ലാം സംസ്ഥാനത്ത് പരാജയപ്പെട്ട അനുഭവം നിലനിൽക്കെ കർഷകർ ഈ ആവശ്യം മുറുകെ പിടിക്കുകയായിരുന്നു.

10 കിലോമീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കിയത്. കൃഷിഭൂമിയിൽ പിന്നീട് മൃഗ ശല്യം ഉണ്ടായിട്ടില്ല. കുരങ്ങ് പോലുള്ള മൃഗം ഒഴികെ മറ്റൊന്നും മറുവശത്തേക്ക് വരുന്നില്ല. സംസ്ഥാനത്ത് ഉടനീളം പരീക്ഷിക്കാവുന്ന മാതൃകയാണ് ഇത്. താൽക്കാലിക മുള്ളുവേലിയും ഇലക്ട്രിക് വേലിയും കരാറുകാർക്കും സിൽബന്ധികൾക്കും ഗുണം ചെയ്യുമ്പോൾ കോൺക്രീറ്റ് വേലിയാണ് സ്ഥിരമായ പരിഹാരം. സംസ്ഥാനത്ത് ഉടനീളം വ്യാപിപ്പിക്കാൻ കഴിഞ്ഞാൽ ആയിരക്കണക്കിന് കർഷകർ രക്ഷപ്പെടും. ഉദ്യോഗസ്ഥ കേന്ദ്രീകൃത പരിഹാരത്തിന് അപ്പുറം കർഷകരുടെ താൽപര്യങ്ങൾ മുൻനിർത്തി പദ്ധതി നടപ്പാക്കാൻ കഴിയണം. വിജയിച്ച മാതൃകകളെ ഉയർത്തിക്കാട്ടി കൊണ്ട് കർഷകർ നിർബന്ധം ചെലുത്തിയാൽ മാത്രമെ പരിഹാരം ഉണ്ടാവുകയുള്ളു.

