സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു വിലയിരുത്തി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി 18നു പരിഗണിക്കാൻ മാറ്റി. കക്ഷികൾ വാദങ്ങൾ സത്യവാങ്മൂലമായി 16നകം നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

വിവാദങ്ങളും നിയമപ്രശ്നങ്ങളും വിദ്യാർഥികളുടെ ഭാവിക്കു തടസ്സമാകരുതെന്നു ഹൈക്കോടതി പറഞ്ഞു. വിദ്യാർഥികളെക്കുറിച്ചും സർവകലാശാലകളുടെ പ്രതിഛായയെക്കുറിച്ചുമാണ് ആശങ്ക. വിവാദങ്ങളും നിയമപ്രശ്നങ്ങളും വഴി തടസ്സമുണ്ടാക്കണോ അതോ സർവകലാശാലകൾ പ്രവർത്തിക്കണോ എന്നു തീരുമാനിക്കേണ്ടത് അധികൃതരാണെന്നും കോടതി പറഞ്ഞു.

വൈസ് ചാൻസലറുടെ ചുമതല വഹിക്കാൻ സർക്കാർ ശുപാർശ ചെയ്ത ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ നൽകുമെന്നു സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ചാൻസലർക്കുവേണ്ടി പുതിയ നിയമോപദേശകനായ അഡ്വ.എസ്.ഗോപകുമാരൻ നായരാണ് ഹാജരായത്. ഡോ.സിസ തോമസിനായി അഡ്വ.ജോർജ് പൂന്തോട്ടം ഹാജരായി.

വൈസ് ചാൻസലർ നിയമനം സംബന്ധിച്ചു സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതും കോടതി ചൂണ്ടിക്കാട്ടി. യുജിസി വ്യവസ്ഥകൾ പ്രകാരമുള്ള യോഗ്യതകൾ സിസി തോമസിനില്ലെന്നു സർക്കാർ അറിയിച്ചു. വൈസ് ചാൻസലർ നിയമനത്തിന്റെ കാര്യത്തിൽ സർവകലാശാലാ ചട്ടങ്ങൾ യുജിസി ചട്ടങ്ങളുമായി ചേർന്നുപോകേണ്ടതുണ്ടെന്നു കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →