പാറ്റ്‌ന: കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ കൊറോണ പോസിറ്റീവ്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് 30കാരനായ യുവാവ് മരിച്ചത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാംപിള്‍ പരിശോധിക്കുകയായിരുന്നു. അതില്‍ 15 പേര്‍ കോവിഡ് പോസിറ്റിവായി. തുടര്‍ന്ന് സമ്പര്‍ക്കപട്ടികയിലെ 100ഓളം പേരെ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. ഇതില്‍ 80ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവാഹത്തിനായി മെയ് 12നാണ് യുവാവ് ബിഹാറിലെ ദീപാലി ഗ്രാമത്തില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം ഇയാള്‍ക്ക് പനിയും ശ്വാസംമുട്ടലും അടക്കമുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാര്‍ വിവാഹ പരിപാടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഇയാളുടെ നില ഗുരുതരമായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
50പേര്‍ മാത്രം പങ്കെടുക്കേണ്ട വിവാഹചടങ്ങില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. യുവാവിന്റെ മരണം ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പ് മൃതദേഹം മറവുചെയ്തെന്നും ആരോപണമുണ്ട്.

