ഇന്റർനെറ്റ് ഫോൺവിളിയിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

അബുദാബി: പ്രവാസികളുടെ നാട്ടിലേയ്ക്കുളള ഇന്റർനെറ്റ് ഫോൺവിളിയിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. അനുവദനീയമായ 17 വോയ്സ് ആപ്പുകൾ വഴി മാത്രമേ ഇനി മുതൽ ഇന്റർനെറ്റ് ഫോൺവിളി സാധിക്കുകയുളളു എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനുവദനീയമായ ആപ്പുകൾ മുഖേനയല്ലാതെ അനധികൃത മാർഗത്തിലൂടെ ഇന്റർനെറ്റ് ഫോൺവിളി നടത്തുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. നിയമവിരുദ്ധമായി സേവനം നടത്തുന്ന വെബ്സൈറ്റുകൾക്കും പിടി വീഴും.

വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ഫോൺ നടത്തുന്നതിന് യുഎയിൽ ഇതിന് മുമ്പ് തന്നെ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം ലഘിക്കുന്നവർക്ക് സൈബർചട്ടങ്ങൾ പ്രകാരം തടവ് ശിക്ഷയും പിഴയും നേരിടേണ്ടി വരും. നിയമലംഘനത്തിന് 4.5 കോടി രൂപ പിഴയൊടുക്കേണ്ടി വരുമെന്നാണ് വിവരം. യുഎഇയിലെ ജനസംഖ്യയിലെ 85 ശതമാനം വരുന്ന പ്രവാസികളിൽ പലരും നാട്ടിലേയ്ക്ക് ബന്ധപ്പെടാനായി സൗജന്യ ഇന്റർനെറ്റ് കോളിം​ഗ് ഓഡിയോ, വിഡിയോ ആപ്പുകളാണ് ഉപയോഗിച്ച് വരുന്നത്.

അനുവദനീയമായ ആപ്പുകൾ സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാങൗട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചർ, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ എന്നിവയാണ്.

Share
അഭിപ്രായം എഴുതാം