പരാതീനതകളുടെ നടുവിൽ ഒരു സർക്കാരാശുപത്രി

കട്ടപ്പന : ആറുപതിറ്റാണ്ടുകൾ പിന്നിടുന്ന ഒരു സർക്കാർ ആശുപത്രിയാണ്‌ കട്ടപ്പന താലൂക്ക്‌ ആശുപത്രി. ഇടുക്കി ജില്ലയിലെ രണ്ടാമത്തെ വലിയ നഗരമായ കട്ടപ്പനയിൽ സ്ഥാപിതമായ ഈ സർക്കാരാശുപത്രി ഇന്നും പരാതീനതകളുടെ നടുവിലാണ്‌. 1960 കളിൽ ഒരു ഡിസ്‌പെൻസറിയായി ആരംഭിച്ച ഈ ആശുപത്രി പ്രാഥമികാരോഗ്യകേന്ദ്രമായും, സാമൂഹ്യ ആരോഗ്യ കേന്ദ്രമായും പിന്നീട്‌ താലൂക്ക്‌ ആശുപത്രിയായും പേരുമാറിയതല്ലാതെ കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. വിദഗ്‌ദ ചികിത്സക്ക്‌ ഇന്നും കട്ടപ്പനക്കാരന്‌ കോട്ടയം മെഡിക്കൽ കോളേജ്‌ തന്നെ ആശ്രയം. അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം.

ഇത്രയും കാലമായിട്ടും കട്ടപ്പന താലൂക്ക്‌ ആശുപത്രിയിൽ ഒരു സർജറി വിഭാഗം പ്രവർത്തിക്കുന്നില്ല. അടുത്ത കാലത്ത്‌ നഗരസഭയുടെ ഫണ്ടുൾപ്പടെ ഏതാണ്ട്‌ 1.5 കോടിയിലധികം രൂപ ചെലവഴിച്ച്‌ ഒരു ഇരുനില കെട്ടിടം പണിതീർത്തിട്ടുണ്ട്‌. അതിൽ ഒരു ഓപ്പറേഷൻ തീയേറ്ററും സജ്ജമാക്കിയിട്ടുണ്ട്‌. പക്ഷെ സർജന്റെ പോസ്റ്റ്‌ സൃഷ്‌ടിച്ചിട്ടില്ലാത്തതിനാൽ ഒരു സർജറിയും ഇവിടെ നടക്കുന്നില്ല. കട്ടപ്പന താലൂക്ക്‌ ആശുപത്രിയുടെ അടിയന്തിര ആവശ്യങ്ങളിൽ ഒന്നാണ്‌ ഇവിടെ ഒരു ജെനറൽ സർജൻ, ഒരു അനസ്‌തെറ്റിസറ്റ്‌ എന്നീ പോസ്റ്റുകൾ സൃഷ്‌ടിച്ച്‌ നിയമനം നടത്തുകയെന്നത്‌.

തോട്ടം തൊഴിലാളികൾ ഉൾപ്പടെയുളള ആയിരക്കണക്കിന്‌ സാധാരണക്കാർ വസിക്കുന്ന ഈനഗരത്തിലെ താലൂക്ക്‌ ആശുപത്രിയിൽ ഒരു ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നില്ല. ആഴ്‌ചയിൽ ഒരു ദിവസം പീരുമേട്ടിൽ നിന്ന്‌ ഒരു ഗൈനക്കോളജിസ്റ്റ്‌ എത്തി രോഗികളെ പരിശോധിക്കും. അല്ലെങ്കിൽ കട്ടപ്പനയിൽ നിന്ന 25 കിലോമീറ്റർ അകലെ നെടുംകണ്ടത്തിലോ, 30 കിലോമീറ്റർ ദൂരെ ഇടുക്കി മെഡിക്കൽ കോളേജിലോ പോകണം പ്രസവ ശുശ്രൂഷക്കായി. ഈ ആശുപത്രിയിലെതന്നെ ഒരുഡോക്‌ടർ പറഞ്ഞതുപോലെ കട്ടപ്പനക്കാർ സ്‌ത്രീകൾക്ക്‌ സർക്കാർ ആശുപത്രിയിൽ പ്രസവിക്കാൻ ഭാഗ്യമില്ല.

സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന്‌ വരുന്ന ചെലവ്‌ 35,000രൂപ മുതൽ ഒരുലക്ഷം രൂപവരെയാണ്‌. കട്ടപ്പനയിൽ ഒരു വൻകിട സ്വകാര്യ ആശുപത്രിയും സിപിഎം ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു സഹകരണ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്‌. ഈ സ്വകാര്യ ആശുപത്രിക്കോ ,സഹകരണ ആശുപത്രിക്കോ നഷ്‌ടമുണ്ടാക്കുന്ന ഒരു പ്രവർത്തിക്കും ഇരുപക്ഷങ്ങൾക്കും താൽപര്യമില്ലത്തതാണ്‌ സർക്കാരാശുപത്രിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നാണ് പൊതുജനം പറയുന്നത്‌.

താലൂക്ക്‌ ആശുപത്രിയോടനുബന്ധിച്ച്‌ പണിതിരിക്കുന്ന പുതിയ കെട്ടിടത്തിൽ ഒരു ഡയാലിസിസ്‌ യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. 28 പേർക്കുവരെ സേവനം നൽകാൻ സൗകര്യമുളള ഒരു യൂണിറ്റാണിത്‌. പക്ഷെ ഇതുവരെ സർക്കാർ ഇവിടേക്ക്‌ ആവശ്യമുളള ഡോക്‌ടർമാരുടെയോ ഇതര സ്‌റ്റാഫുകളുടെയോ പോസ്റ്റ്‌ സൃഷ്‌ടിക്കുകയോ നിയമിക്കുകയോ ചെയ്‌തിട്ടില്ല. ഒരുഡോക്‌ടർ, രണ്ട്‌ സീനിയർ നഴ്‌സുമാർ രണ്ട്‌ ഡയാലിസിസ്‌ ടെക്‌നീഷ്‌ൻസ്‌ ഒരു ക്ലീനിംഗ്‌ സ്‌റ്റാഫ്‌ എന്നിവരുൾപ്പെട ആറുജീവനക്കാർ എങ്കിലും ഇവിടെ ആവശ്യമുണ്ട് .നിലവിൽ ഹോസ്‌പിറ്റൽ മാനേജിംഗ്‌ കമ്മറ്റിയാണ്‌ താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ ഇവിടെ നിയമിച്ചിരിക്കുന്നത്‌.

ഈ അടുത്ത കാലത്ത നിർമിച്ച ഒരു ചെറിയ ഇരുനില കെട്ടിടമൊഴികെ ബാക്കിയുളളവയെല്ലാം ഏതാണ്ട്‌ 50 കൊല്ലം മുമ്പ്‌ പണിത കെട്ടിടങ്ങളാണ്‌. കുത്തിറക്കമായി കിടക്കുന്ന ഭൂമിയിൽ ആദ്യം പണിത കെട്ടിടത്തിന്റെ അടിഭാഗത്തായിട്ടാണ്‌ പുതിയ കെട്ടിടം പണിതിരിക്കുന്നത്‌. പുതിയ കെട്ടിടത്തിലാണ്‌ ഡയാലിസിസ്‌ വിഭാഗം പ്രവർത്തിക്കുന്നത്‌. ഡയാലിസിസ്‌ യൂണിറ്റ്‌ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക്‌ റാമ്പ്‌ നിർമിക്കുന്നതിനായി അടുത്തിവസം രണ്ടുകെട്ടിടങ്ങൾക്കുമിടയിലുളള ഭാഗത്തെ മണ്ണ്‌ നീക്കാൻ ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ മണ്ണ്‌ ഇടിഞ്ഞ്‌ വീണ്‌ താഴെയുളള കെട്ടിടത്തിനുളളിലേക്ക്‌ വെളളവും ചെളിയും ഇരച്ചുകയറുകയും ചെയ്‌തതിനെ തുടർന്ന്‌ കിടത്തി ചികിത്സ തൽക്കാലത്തേക്ക നിറുത്തി വയ്‌ക്കേണ്ട സ്ഥിതിയലെത്തുകയും ചെയ്‌തു. മാത്രമല്ല ദശാബ്‌ദങ്ങൾ പഴക്കമുളള പഴയ കെട്ടിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ്‌ പോയതിന്റെ ഫലമായി മുകളിലത്തെ കെട്ടിടത്തിന്‌ ബലക്ഷയമുണ്ടാവുകയും ചെയ്‌തിട്ടുളളതായി അറിയുന്നു. . കോൺക്രീറ്റ്‌ ബെൽറ്റില്ലാതെയാണ്‌ പഴയ കെട്ടിടം നർമിച്ചിരിക്കുന്നത്‌. ആയതിനാൽ ഈ കെട്ടിടത്തിനും ഭീഷണിനേരിടുന്നുണ്ട്‌.

സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും കട്ടപ്പന സര്ക്കാര് ആശുപത്രിയില് ഗൈനക്കോളജി,സർജറി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിക്കുകയും ആവശ്യമായ പോസ്‌റ്റുകൾ സൃഷ്ടിച്ച്‌ സാധാരണക്കാരുടെ ചികിത്സാ ബുദ്ധിമുട്ടുകൾക്ക്‌്‌ പരിഹാരം ഉണ്ടാക്കുകയും ചെയ്യണമെന്നതാണ് പൊതുജനത്തിന് ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →