കൊച്ചി: പരിസ്ഥിതി ലോല മേഖല നിര്‍ണയം സംബന്ധിച്ച് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍. സെപ്റ്റംബർ 6 ന് അവസാനിക്കുന്ന കരട് വിജ്ഞാപന സമയപരിധി സെപ്റ്റംബർ 22 വരെ നീട്ടുകയാണ് കോടതി ചെയതിരിക്കുന്നത്. കേസ് വീണ്ടും 19ന് പരിഗണിക്കും. നേരത്തെ ഇക്കൊ സെന്‍സിറ്റീവ് സോണ്‍ ( ബഫര്‍ സോണ്‍ ) വിഷയത്തില്‍ വി.ഫാം നേരത്തെ നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് കരട് വിജ്ഞാപനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിറക്കിയത്. സമാന രീതിയില്‍ തന്നെ പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനവും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിറക്കണമെന്നാണ് വിഫാമിന് വേണ്ടി ഹരജിക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്.
ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ: പ്രേം നവാസ്, അഡ്വ: സുമിന്‍.എസ്. നെടുങ്ങാടന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. കേരളത്തിലെ 123 വില്ലേജുകള്‍ ഇക്കോ സെന്‍സിറ്റീവ് ഏരിയയില്‍ ഉള്‍പ്പെടുത്തി 2022 ജൂലൈ 6 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സപ്തംബര്‍ 6 വരെ 60 ദിവസ കാലയളവിനുള്ളില്‍ ആക്ഷേപമുള്ളവര്‍ക്ക് ആയത് എഴുതി അറിയിക്കേണ്ടതാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം പുറത്തിറക്കിയ വിജ്ഞാപനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ജനങ്ങളുടെ അക്ഷേപങ്ങള്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജോയി കണ്ണന്‍ച്ചിറ, വൈസ് ചെയര്‍മാന്‍ ചാണ്ടി ബാബു പുതുപ്പറമ്പില്‍ എന്നിവര്‍ സിവില്‍ റിട്ട് പെന്റീഷന്‍- 26067/2022 നമ്പറായി ആഗസ്ത് 11ന് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. മൂന്ന് തവണ കോടതി ഹരജി പരിഗണിച്ചെങ്കിലും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ ഒബ്ജക്ഷന്‍സ് കോടതി മുമ്പാകെ സമര്‍പ്പിക്കാത്തതിനാല്‍ നീട്ടി വയ്ക്കുകയായിരുന്നു.

