കൊച്ചി: പാലാരിവട്ടത്തെ ഡോക്ടർ ആനന്ദ് ഗോപിനാഥന്റെ വീട്ടിൽ ചൊവ്വാഴ്ച സന്തോഷം തിരികെയെത്തി. മൂന്നാഴ്ച മുമ്പ് കാണാതായ മാംഗോ എന്ന നായ് കുട്ടിയെ തിരികെ കിട്ടിയതിന്റെ ആഘോഷത്തിലാണ് ആനന്ദും കുടുംബവും. നായ്ക്കുട്ടിയെ കണ്ടെത്തിയ ആൾക്ക് അപ്പോൾ തന്നെ കൊടുത്തു ഒരു ലക്ഷം രൂപ സമ്മാനം.
24 ദിവസം മുൻപ് ജൂൺ 12നാണ് പാലാരിവട്ടം പൈപ്പ് ലൈൻ ജംഗ്ഷനിലെ വങ്കാരത്ത് വീടിന്റെ തുറന്നു കിടക്കുന്ന ഗേറ്റിലൂടെ മാംഗോ പുറത്തേക്കിറങ്ങി അപ്രത്യക്ഷനായത്. അതോടെ വീട് ആകെ ശോകമൂകമായി. ആനന്ദിന്റെ ഭാര്യ ഡോക്ടർ ജാനകി തപസ്യക്കും മക്കളായ സുഭദ്ര ദേവിക്കും ഭദ്രനും ഊണും ഉറക്കവുമില്ലാത്ത ദിനങ്ങൾ. മാംഗോയെ കണ്ടെത്തുന്നയാൾക്ക് ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ച് പരസ്യം നൽകി. രണ്ടുദിവസം മുമ്പ് വരെ നഗരത്തിൽ പരസ്യം പതിച്ചു കൊണ്ടിരുന്നു.
നായ്ക്കുട്ടിയെ അന്വേഷിച്ച് കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ചു ആനന്ദ് . പലയിടത്തുനിന്നും വിളികൾ വന്നു. അവിടെയെല്ലാം നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടുമാസം മുൻപ് കോയമ്പത്തൂരിൽ നിന്നാണ് 22,500 രൂപയ്ക്ക് കോംബായ് ഇനത്തിൽ പെട്ട രണ്ട് നായ്കുട്ടികളെ വാങ്ങിയത്. ഇതിലൊന്നായിരുന്നു മാംഗോ .
മൂന്നാഴ്ച പിന്നിട്ടതിനാൽ പ്രതീക്ഷകൾ അസ്തമിച്ചു. അതിനിടെ പാലാരിവട്ടത്തെ തന്നെയുള്ള നിജീഷിന്റെ വിളിയെത്തി. അവിടേക്ക് ചെന്നപ്പോൾ ആനന്ദിന്റെ മേൽ മൂന്നാഴ്ച കൊണ്ട് എല്ലും തോലുമായ മാംഗോ ഓടിക്കയറി. 24 ദിവസം അനുഭവിച്ച ബുദ്ധിമുട്ടുകൾ മാംഗോയെ അടിമുടി മാറ്റിയിട്ടുണ്ട്. അന്യരെ കണ്ടാൽ കുരച്ച് ചാടിയിരുന്ന മാംഗോയ്ക്ക് ഇപ്പോൾ എല്ലാവരെയും പേടിയാണ്. മംഗോയെ കണ്ടെത്തിയതിനുള്ള പാരിതോഷികമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വാങ്ങാൻ നിജീഷ് തയ്യാറായിരുന്നില്ല. ഒടുവിൽ ഡോക്ടർ ആനന്ദിന്റെ നിർബന്ധത്തിന് വഴങ്ങി പണം വാങ്ങി.

