കോട്ടയം: സ്വർണ്ണ ഡോളർ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “എന്തും വിളിച്ചു പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പൻ ആയാലും കണ്ടുപിടിക്കും ” എന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ” വിരട്ടാൻ ഒന്നും നോക്കേണ്ട ഏതുതരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ” നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 2021 ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപ്പാച്ചിലും ഉണ്ടായി. പ്രചരണത്തിന് നാട്ടിലെ ഒരു നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. ജനങ്ങൾ ഞങ്ങളെ മനസ്സിലാക്കി. നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ ജനങ്ങൾ ആവശ്യപ്പെട്ടു. ഞങ്ങളത് ശിരസാവഹിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



