ഗള്‍ഫില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആഹ്വാനം

ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിവാദത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആഹ്വാനം. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്കിലെ മാധ്യമസ്ഥാപനമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പരാമര്‍ശത്തെ അപലപിച്ച് വിവിധ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്തു വന്നതിനു പിന്നാലെയാണിത്. സമൂഹമാധ്യമങ്ങളില്‍ ഇന്ത്യാവിരുദ്ധ കാമ്പയിന്‍ തരംഗമായതോടെ കുെവെത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് അരിയും മുളകും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നു. കുെവെത്ത് സിറ്റിയിലെ സൂപ്പര്‍ സ്റ്റോറില്‍നിന്ന് ഇന്ത്യയില്‍നിന്നുള്ള തേയിലയും മറ്റും ജീവനക്കാര്‍ എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ അറബ് ന്യൂസും പുറത്തുവിട്ടു.വിവാദ പരാമര്‍ശത്തിനുശേഷം രൂപപ്പെട്ട പ്രതികൂല സാഹചര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങളെ ബാധിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

ഗള്‍ഫില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുതിയ സാഹചര്യം തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എട്ടു വര്‍ഷമായി പ്രയത്നിക്കുന്ന പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പി നേതാക്കളുടെ പരാമര്‍ശം കടുത്ത തലവേദനയാണു സൃഷ്ടിച്ചത്. വിദേശനിക്ഷേപത്തിലും ധാന്യം, വസ്ത്രം, മെഷിനറികള്‍ എന്നിവയുടെ വിപണനത്തിലും നേടിയെടുത്ത മേല്‍െക്കെ ഇല്ലാതായാല്‍ സാമ്പത്തികമേഖലയില്‍ വന്‍ ആഘാതമുണ്ടാകും. എന്നാല്‍, വിവാദം കേന്ദ്രസര്‍ക്കാരിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പ്രതികരിച്ചത്. പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡയും സര്‍ക്കാരിന്റെ ഭാഗമല്ല. അവര്‍ക്കെതിരേ ബി.ജെ.പി. അച്ചടക്ക നടപടിയെടുത്തു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം നല്ല രീതിയില്‍ സര്‍ക്കാര്‍ തുടരും. വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കരിക്കാനുള്ള ആഹ്വാനത്തെക്കുറിച്ച് അറിയില്ലെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഭരണകക്ഷിയുടെ വക്താവായിരിക്കെ നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പു പറയണമെന്ന നിലപാടിലാണ് ഖര്‍ത്തര്‍ പോലുള്ള രാജ്യങ്ങള്‍. എന്നാല്‍, ഖേദപ്രകടനമില്ലാതെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

Share
അഭിപ്രായം എഴുതാം