തിരുവനന്തപുരം : പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പോലീസ്. നിലവിൽ തോക്ക് ലൈസൻസ് ഉള്ളവർക്കും,അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതി യും, സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവും പുറത്തിറങ്ങി. നിലവിൽ സംസ്ഥാനത്ത് പോലീസ് അംഗങ്ങൾക്ക് മാത്രമാണ് ആയുധപരിശീലനം ലഭിക്കുന്നത്. പോലീസിന്റെ വിവിധ ബറ്റാലിയനുകളിലും, തൃശൂർ പോലീസ് അക്കാദമിയിലും ആണ് ആയുധ പരിശീലനം നൽകി വരുന്നത്.
1000 മുതൽ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത്. ആയുധങ്ങളെ കുറിച്ച് മനസ്സിലാക്കാനും പരിചയപ്പെടാനും ആയിരം രൂപ ഫീസ് അടച്ചാൽ മതിയാകും. അതേസമയം ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങൾക്ക് ഫീസ് കൂടും വിവിധ ബറ്റാലിയനുകളിൽ വച്ചായിരിക്കും പരിശീലനം നൽകുക. സംസ്ഥാനത്ത് പലയിടങ്ങളിലും റൈഫിൾ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെനിന്ന് ഫയറിംഗ് പരിശീലനം നേടാമെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാൻ കഴിയില്ല. പകരം എയർ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.
ലൈസൻസ് ഉള്ളവർക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണമെന്ന കാര്യത്തിൽ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്നും, ഇതിന് പരിഹാരം വേണമെന്നും കാണിച്ച് ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതി പോലീസിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് ഡിജിപി ഉത്തരവിറക്കിയത്.
പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ്, ആധാർ രേഖകൾ, ആയുധ ലൈസൻസ് എന്നിവ ഹാജരാക്കിയാൽ മാത്രമേ ആയുധപരിശീലനം ലഭിക്കുകയുള്ളൂ എന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കി.

