എയര്‍ലൈന്‍സ് വിറ്റ് സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനുള്ള നീക്കവുമായി പുതിയ ശ്രീലങ്കന്‍ ഭരണകൂടം.

കൊളംബോ: ശ്രീലങ്കന്‍എയര്‍ലൈന്‍സ് വിറ്റ് സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനുള്ള നീക്കവുമായി പുതിയ ശ്രീലങ്കന്‍ ഭരണകൂടം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പളത്തിനുള്ള പണം അച്ചടിച്ച് ഇറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായ ഘട്ടത്തിലാണിത്.

എയര്‍ലൈന്‍സ് വില്‍ക്കാനുള്ള പദ്ധതി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തന്നെയാണു പുറത്തുവിട്ടത്.രാജ്യത്തോടു ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയിലായിലാണിത്. 2021 മാര്‍ച്ച് വരെ എയര്‍ലൈന്‍സ് 45 ശതകോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. വിമാനത്തില്‍ ഇതുവരെ കയറിയിട്ടു പോലുമില്ലാത്ത പാവങ്ങളാണ് ഇതിന്റെയൊക്കെ ബാധ്യത താങ്ങേണ്ടിവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനു പണം അച്ചടിക്കേണ്ടിവന്നു. ഇതു കറന്‍സിയെ കൂടുതല്‍ ദുര്‍ബലമാക്കും. പെട്രോളാണെങ്കില്‍ ഒറ്റ ദിവസത്തേക്കു കൂടിയുള്ള ശേഖരമേ ബാക്കിയുള്ളൂ.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഡോളര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. അതു കിട്ടിയാലേ ക്രൂഡ്, ഫര്‍ണസ് ഓയിലുമായി വരുന്ന മൂന്നു കപ്പലുകള്‍ക്കു പണം കൊടുക്കാന്‍ പറ്റൂ.വരുന്ന ഏതാനും മാസം പ്രതിസന്ധി അതിരൂക്ഷമാകും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ രാഷ്ട്രീയ സംവിധാനമോ ദേശീയ അസംബ്ലിയോ രൂപീകരിക്കേണ്ടതുണ്ട്. പ്രതിസന്ധിയില്‍ കരകയറാനുള്ള വഴികള്‍ അവിടെ ആലോചിച്ചു തീരുമാനിക്കാമെന്നും വിക്രമസിംഗെ പറഞ്ഞു. പ്രസിഡന്റ് ഗോട്ടബയയുടെ വികസന ബജറ്റ് നീക്കി പകരം ആശ്വാസ ബജറ്റ് പ്രഖ്യാപിക്കുമെന്നാണ് പുതിയ പ്രധാനമന്ത്രിയുടെ വാഗ്ദാനം. രാജ്യത്തെ കൊടും കടക്കെണിയിലേക്കും വിലക്കയറ്റത്തിലേക്കും തള്ളിവിട്ടത് മുന്‍ സര്‍ക്കാരിന്റെ ബജറ്റാണെന്ന വിലയിരുത്തലോടെയാണിത്

Share
അഭിപ്രായം എഴുതാം