എല്ലാവർക്കും ഭക്ഷണം ലക്ഷ്യം: മന്ത്രി ജി.ആർ അനിൽ സുഭിക്ഷ ഹോട്ടൽ തൃപ്പൂണിത്തുറയിലും

സുഭിക്ഷ ഹോട്ടലുകൾ വഴി പണമില്ലാത്തവർക്കും സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ പറഞ്ഞു. സംസ്ഥാന സർക്കാരി​ന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന രണ്ടാം നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറയിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുർബലരായ ജനങ്ങളെ ചേർത്ത് നിർത്തുക എന്നതാണ് സർക്കാരിൻ്റെ നയമെന്നും ഇതിനായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ ഉൾപ്പെടെയുള്ളവരുടെ പൊതുജന പങ്കാളിത്തം അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവർക്ക് ഉൾപ്പെടെ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞു. ഒരു വർഷത്തിനിടെ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരുന്ന 1,64,000 പേരിൽ നിന്ന് തിരികെ വാങ്ങി. അർഹതപ്പെട്ട 1,52,000 പേർക്ക് കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞു.  സർക്കാരി​ന്റെ വാർഷികത്തോടനുബന്ധിച്ച് 97,712 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകൾ നൽകും. ഇതിൽ 6,102 എണ്ണം എറണാകുളം ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായം സുതാര്യമാക്കുന്നതിന്റെ ഭാഗമായി റേഷൻകട അടിസ്ഥാനത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. 

തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ഉപാധ്യക്ഷൻ കെ.കെ പ്രദീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ജയ പരമേശ്വരൻ, സി.എ ബെന്നി, സഹകരണ സംഘം ജോയി​ന്റ് രജിസ്ട്രാർ കെ.സജീവ് കർത്താ, ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് പി.ആർ. ശാന്തി, എറണാകുളം ഗവൺമെ​ന്റ് സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡ​ന്റ് രജിത് പി.ഷാൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.വാസുദേവൻ, പി.വി ചന്ദ്രബോസ്, ശ്രീക്കുട്ടൻ തുണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ സുഭിക്ഷ ഹോട്ടലാണ് തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലേത്.  എറണാകുളം ഗവൺമെ​ന്റ് സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് നം.50നാണ് ഹോട്ടലിൻ്റെ നടത്തിപ്പ് അവകാശം. ഉപഭോക്താവിന് 20 രൂപയ്ക്ക് ഊണ് ലഭിക്കും. ഒരു ഊണിന് അഞ്ച് രൂപ നിരക്കിൽ സർക്കാർ സബ്സിഡി നൽകും. ആദ്യഘട്ടത്തിൽ സംസ്ഥാന വ്യാപകമായി 44 സുഭിക്ഷ ഹോട്ടലുകളാണ് ആരംഭിക്കുന്നത്. ഇതിൽ ആറെണ്ണം എറണാകുളം ജില്ലയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →