കോപ്പിയടിച്ചതിനു തെളിവില്ല , കടലാസ് ബലംപ്രയോഗിച്ച് പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നത് മനപ്പൂർവമായ അപമാനിക്കൽ- പരാതിയുമായി പിതാവ് ഷാജി; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ കോപ്പി തയ്യാറാക്കിയത് കാണിച്ച് ഷാജിയുടെ ആക്ഷേപം നിഷേധിച്ച് കോളേജ് അധികൃതര്‍.

പാല : ചെർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ പരീക്ഷയെഴുതിയ പ്രൈവറ്റ് കോളേജ് വിദ്യാർഥിനി അഞ്ജു ഷാജികോപ്പിയടിച്ചു എന്നതിന് തെളിവ് ഇല്ല. പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ കയ്യിൽ നിന്നും ഉത്തരക്കടലാസ് ബലംപ്രയോഗിച്ച് അധ്യാപകനായ അച്ചൻ പിടിച്ചുവാങ്ങി. തുടർന്നു നടത്തിയ ആക്ഷേപ വാക്കുകളിൽ സ്തംഭിച്ച നിലയിൽ ഏറെനേരം അഞ്ജു ക്ലാസ്സിലിരുന്നു. ശനിയാഴ്ചയായിരുന്നു പരീക്ഷ. പരീക്ഷ ഹാളിൽ നിന്നും പുറത്തിറങ്ങിയ അഞ്ജു വീട്ടിലേക്ക് പോയില്ല. സമയത്തെത്താതിരുന്നതിനെ തുടർന്ന് വിവരങ്ങൾ തിരക്കി മനസ്സിലാക്കിയ പിതാവ് ഷാജി പോലീസിൽ ഉടനെ പരാതി നൽകി. കോളേജ് അധികൃതരുടെ വാക്കും വ്യാഖ്യാനങ്ങളും വിശ്വസിച്ച പോലീസ് അന്വേഷണം കാര്യമായി നടത്തിയില്ല എന്ന്‌ ഷാജി പരാതി പറയുന്നു. കോപ്പിയടി സംബന്ധിച്ച കാര്യങ്ങളും പോലീസ് പരിശോധിച്ചില്ല. കൂലി തൊഴിലാളിയായ ഷാജി ഏറെ ബുദ്ധിമുട്ടിയാണ് മകളെ ഇതുവരെ പഠിപ്പിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്ന മകൾ കഴിഞ്ഞ പരീക്ഷകളിൽ ഒക്കെ നല്ല മാർക്ക് വാങ്ങിയിരുന്നു. കോപ്പി അടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അത്തരം സ്വഭാവ ക്കാരിയുമായിരുന്നില്ല മകൾ. പ്രൈവറ്റ് കോളേജിലെ അവരുടെ ബാച്ചില്‍ പാസായ അഞ്ച് കുട്ടികളില്‍ ഒരാളാണ് അഞ്ജു. പരീക്ഷ നടത്തിയ അധ്യാപകന് പറ്റിയ പിഴവ് മൂലം അപമാനിതയായി മകൾ ആത്മഹത്യയിൽ അഭയം തേടിയതായിരിക്കാം. അതുമല്ലെങ്കില്‍ അച്ചന്‍ കൊന്നു തള്ളിയതായിരിക്കാം- ഷാജി വേദനയോടെ പറയുന്നു.

എന്നാല്‍ കോളേജ് അധികൃതര്‍ പരാതി നിഷേധിച്ചു. രാവിലെ പരീക്ഷാഹാളില്‍ കയറിയതിനുശേഷം അഞ്ജുവിന്റെ ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ കോപ്പിയടിക്കാനായി എഴുതി വച്ചിരിക്കുന്നത് പരീക്ഷാ അധികൃതര്‍ കണ്ടെത്തി. വിവരമറിഞ്ഞ്‌ അച്ചന്‍ മുറിയിലേക്ക് വന്നു. പേപ്പറുകള്‍ നോക്കിയതിനുശേഷം അവയുമായി അച്ചന്‍ പോയി. പരീക്ഷ തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞതിനുശേഷം മാത്രമേ ഹാളില്‍ നിന്നും പുറത്തു പോകാനാവൂ എന്നതുകൊണ്ട് 2.30 മണികഴിഞ്ഞ് അച്ചനെ ചെന്നു കാണാന്‍ അദ്ധ്യാപകന്‍ പറഞ്ഞു. രണ്ടരയോടെ പുറത്തിറങ്ങി. പിറ്റേ ദിവസം രാവിലെയാണ് അഞ്ജുവിനെ കാണാനില്ല എന്നറിയുന്നത്. അപ്പോള്‍ പോലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച പേപ്പറുകള്‍ പോലീസിന് കൈമാറി- ഇതാണ് വിശദീകരണം.

ഹാളില്‍ ഉണ്ടായിരുന്ന ജിഷ്ണു, അനന്തു എന്നീ വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെയാണ്. അഞ്ജു ഇരിക്കുന്നതിന് മൂന്നോ നാലോ സീറ്റു മാറിയാണ് പരീക്ഷയ്ക്കിരുന്നിരുന്നത്. പരീക്ഷ പേപ്പര്‍ കൊടുക്കുന്നതിനു മുമ്പ് എല്ലാ വിദ്യാര്‍ഥികളുടേയും ഹാള്‍ടിക്കറ്റ് പരിശോധിച്ചിരുന്നു. പക്ഷേ അര മണിക്കൂര്‍ കഴിഞ്ഞാണ് ഹാള്‍ടിക്കറ്റിനു പിന്നില്‍ കോപ്പി കണ്ടതെന്നു പറഞ്ഞ് അദ്ധ്യാപകന്‍ അച്ചനെ വിളിപ്പിച്ചു. അച്ചന്‍ വന്ന് കുറേ നേരം ആ കുട്ടിയുമായി സംസാരിച്ചു. പിന്നെ പേപ്പര്‍ വാങ്ങി കൊണ്ടു പോയി. കുട്ടി ഹാളില്‍ കുറേ നേരം ഒറ്റക്കിരുന്നു. ആരും ഒന്നും അന്വേഷിച്ചതേയില്ല. കുറേ കഴിഞ്ഞ് കുട്ടി ഇറങ്ങി പോയി. അഞ്ജുവിനെ മുമ്പും പരീക്ഷയ്ക്ക് വരുമ്പോള്‍ കണ്ടിട്ടുണ്ട്. നല്ലപോലെ പഠിക്കുന്ന കുട്ടിയാണ്. ഹാളില്‍ വന്നാല്‍ എല്ലാമെഴുതി അവസാനമേ പോകാറുള്ളൂ. ഹാള്‍ടിക്കറ്റില്‍ ഇങ്ങനെ എഴുതി കൊണ്ടു വരാന്‍ സാധിക്കില്ല. എന്നും ഹാള്‍ടിക്കറ്റ് പരിശോധിച്ചല്ലേ ചോദ്യപേപ്പര്‍ കിട്ടുകയുള്ളൂ.

അഞ്ചുവിനെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ ആര്‍ മധുസൂദനന്‍ പറയുന്നതിപ്രകാരമാണ്. കഴിഞ്ഞ രണ്ടു സെമസ്റ്ററുകളിലും നല്ല മാര്‍ക്കു വാങ്ങി പാസായ അഞ്ചു പേരില്‍ ഒരാളാണ്. കണക്കില്‍ വളരെ മിടുക്കിയായിരുന്നു. ചോദ്യം കിട്ടിയാല്‍ പെട്ടന്നു തന്നെ ഉത്തരം പറയുമായിരുന്നു. അങ്ങനെയൊരു കുട്ടിയ്ക്ക് കോപ്പിയടിക്കേണ്ട ആവശ്യമില്ല. അന്വേഷണം ആവശ്യമാണ്.

അഞ്ജുവിന്റെ സഹോദരന്‍ കുട്ടിയെ കാണാതായതിന്റെ പിറ്റേന്ന് അച്ചനെ കാണാന്‍ ചെന്നു. സഹോദരന്‍ പറഞ്ഞത് : ആദ്യം അച്ചന്‍ കാണാന്‍ കൂട്ടാക്കിയില്ല. അപ്പോള്‍ അച്ചന്റെ മുറിയിലേക്ക് കയറിച്ചെന്നു. വിവരമന്വേഷിച്ചു. അപ്പോള്‍ അച്ചന്‍ പറഞ്ഞതിങ്ങനെയാണ്. അങ്ങനെയൊരു സംഭവമുണ്ടായി. പക്ഷേ കുട്ടി എവിടെപ്പോയി എന്നൊന്നുമറിയില്ല. കോപ്പിയടിച്ചതിനു ശേഷം വിളിച്ചിരുത്തി അരമണിക്കൂര്‍ സംസാരിച്ചാണ് കുട്ടിയെ വിട്ടത്. രണ്ടു ദിവസം മുമ്പ് ഒരു കുട്ടിയെ ഇവിടെ നിന്നും കാണാതായിരുന്നു. അതുപോലെ ഒളിച്ചോടിയിട്ടുണ്ടാകും. കാണാനില്ലെങ്കില്‍ പോയി അന്വേഷിക്കാന്‍ പറഞ്ഞ് അപമാനിച്ചു വിട്ടു.

Share
അഭിപ്രായം എഴുതാം