കേരളാ ബ്ലാസ്റ്റേഴ്സ് എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു

പനജി: കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു. എഫ്.സി. ഗോവയാണ് എതിരാളി.ഗോവയ്‌ക്കെതിരേ സമനില നേടിയാല്‍ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിലാണ് മഞ്ഞപ്പട. 2016 നു ശേഷം ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി പ്ലേ ഓഫില്‍ കടക്കാന്‍ ഇനി വേണ്ടത് ഒരു സമനില മാത്രം. സമനില കൊണ്ട് തൃപ്തനാകില്ലെന്നു കോച്ച് ഇവാന്‍ വുകോമനോവിച്ച് മത്സരത്തിനു മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വുകോമനോവിച്ചിനൊപ്പം മലയാളി വിംഗര്‍ സഹല്‍ അബ്ദുള്‍ സമദും വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. സൗഹൃദ ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പിലേക്ക് മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഉള്‍പ്പെടുത്തി. സഹല്‍ അബ്ദുള്‍ സമദ്, ജീക്‌സണ്‍ സിംഗ്, ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ എന്നിവരാണു ദേശീയ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഐ.എസ്.എല്‍. പ്ലേ ഓഫില്‍ കളിക്കുന്ന ടീമുകളില്‍നിന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ പിന്നീട് ക്യാമ്പില്‍ ചേര്‍ന്നാല്‍ മതിയെന്നാണു നിര്‍ദേശം. വിവിധ പൊസിഷനില്‍ ഒരേപോലെ കളിക്കാന്‍ പ്രാപ്തരായ താരങ്ങളാണു കേരള ബ്ലാസ്റ്റേഴ്‌സില്‍ കൂടുതല്‍. ടീമിന്റെ പ്രകടനത്തിന് ഇത് ഗുണം ചെയ്യും. ടീമില്‍ ഇടം പിടിക്കാന്‍ കളിക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരവുമുണ്ടാകും- ബ്ലാസ്റ്റേഴ്സ് കോച്ച് തുടര്‍ന്നു.വുകോമനോവിച്ചിന്റെ കീഴില്‍ മെച്ചപ്പെടാന്‍ സാധിച്ചെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത സഹല്‍ പറഞ്ഞു. സസ്‌പെന്‍ഷനു വക്കിലുള്ള പ്യൂട്ടിയ, ജോര്‍ജ് പെരേര ഡയാസ്, ആല്‍വാരോ വാസ്‌ക്വസ് എന്നിവരെ പുറത്തിരുത്തുമോന്ന് പറയാനാകില്ലെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. പരുക്കേറ്റ് വിശ്രമത്തിലുള്ള നിഷു കുമാര്‍, ജീക്‌സണ്‍ സിങ് എന്നിവര്‍ ഇന്നു കളിക്കില്ലെന്നു വുകോമനോവിച്ച് വ്യക്തമാക്കി. മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിനു മുമ്പ് ഹര്‍മന്‍ജോത് ഖാബ്രയ്ക്ക് രണ്ട് മത്സര വിലക്ക് ഏര്‍പ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും വുകോമനോവിച്ച് പറഞ്ഞു. ഖാബ്ര ഇല്ലെങ്കിലും ആ പൊസിഷന്‍ ഏറ്റെടുക്കാന്‍ മറ്റൊരു താരം ടീമിലുള്ള ത് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താണ്.

Share
അഭിപ്രായം എഴുതാം