പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ഉടൻ നിർത്തും: തീരുമാനത്തിൽ നിന്നും പിറകോട്ടില്ലെന്ന് ഗവർണർ

തിരുവനന്തപുരം: സർക്കാരിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഗവർണർ. പേഴ്‌സണൽ സ്റ്റാഫിന് നൽകുന്ന പെൻഷൻ ഉടൻ നിർത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

രാഷ്‌ട്രീയക്കാരെ പേഴ്‌സണൽ സ്റ്റാഫായി നിയോഗിച്ച് അവർക്ക് പെൻഷൻ സംവിധാനവും ലഭ്യമാക്കുന്നത് ഗൗരവമായാണ് കാണുന്നത്. പെൻഷൻ നിർത്താനുള്ള അധികാരം തനിക്കുണ്ട്. നടപടിയെടുക്കാൻ ഒരുമാസം പോലും വേണ്ടി വരില്ലെന്നും ഫയൽ വിളിപ്പിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

സ്റ്റാഫ് നിയമനത്തിലൂടെ പാർട്ടി കേഡറാണ് വളരുന്നത്. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്‌സണൽ സ്റ്റാഫുണ്ട്. താൻ കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് 11 പേരാണ് സ്റ്റാഫിലുണ്ടായിരുന്നത്. കൂടാതെ രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റി നിയമിക്കുന്ന രീതി കേരളത്തിൽ മാറണമെന്നും പെൻഷനും ശമ്പളവും ഉൾപ്പെടെ വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്നും ഗവർണർ പറഞ്ഞു.

നയപ്രഖ്യാപനത്തിൽ ഇക്കാര്യം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനത്തിൽ നിന്നും പിറകോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. പാർട്ടിക്കാരായ സ്റ്റാഫുകൾക്ക് പെൻഷൻ ഉറപ്പാക്കാനാണ് സർക്കാർ ശ്രമം. ഇത്തരം തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →