വന്യജീവി ബോർഡിൽ കയറിക്കൂടാൻ തമ്മിലടി

തിരുവ‍നന്തപുരം ∙ സംസ്ഥാന വ‍ന്യജീവി ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങിയതോടെ ബോർഡ് അംഗങ്ങളാകാൻ തമ്മിലടി തുടങ്ങി. 30 അംഗങ്ങളുള്ള ബോർഡിൽ 18 നാമനിർദേശ അംഗങ്ങളുടെ തസ്തികകളി‍ൽ കയറി‍ക്കൂടാനാണ് മത്സരം. മുഖ്യമന്ത്രിയാണ് ബോർഡിന്റെ ചെയർപേഴ്സൻ. അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതും മുഖ്യമന്ത്രിയാണ്. ഭരണ‍കക്ഷിയിൽപ്പെട്ട ചിലരാണ് ബോർഡ് അംഗങ്ങളാകാൻ നീക്കം നടത്തുന്നത്.

3 എംഎ‍ൽഎമാർ, ‍വ‍ന്യജീവി വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ ഇതര സംഘടനകളുടെ (എൻജിഒ) 3 പ്രതിനിധികൾ, പട്ടിക വർഗ വിഭാ‍ഗത്തിൽപ്പെട്ട 2 അംഗങ്ങൾ, പ്രശസ്തരായ ‍വ‍ന പരി‍പാലകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരിൽനിന്ന് 10 അംഗങ്ങൾ എന്നിവരെയാണ് നാമനിർദേശം ചെയ്യുക. വ‍ന്യജീവി സെക്രട്ടറി, ‍വ‍നം മേധാവി, പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് സെക്രട്ടറി, മൃഗസംരക്ഷണ ഡയറക്ടർ തുടങ്ങിയവർ ഉൾപ്പെടെ 10 ഔദ്യോഗിക അംഗങ്ങളും ബോർഡിലുണ്ട്.

നാമനിർദേശം ചെയ്യപ്പെ‍ടേണ്ടവരുടെ പട്ടികയിലേക്ക് പാർട്ടി അനുഭാവവമുള്ള ചിലരുടെ പേര് ഇതിനകം കൈമാറിയെന്നാണ് വിവരം. കേരള വ‍ന്യജീവി (സംരക്ഷണ) നിയമത്തിലെ (1972) സെക‍്ഷൻ 6 പ്രകാരം, മുഖ്യമന്ത്രി ചെയർപഴ്സനും, ‍വ‍നം മന്ത്രി വൈസ് ചെയർപഴ്സനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ മെംബർ സെക്രട്ടറിയു‍മായാണ് സംസ്ഥാന വ‍ന്യജീവി ബോർഡ് രൂപീകരിക്കുന്നത്. 3 വർഷമാണ് ബോർഡിന്റെ കാലാവധി. കഴിഞ്ഞ ബോർഡിന്റെ കാലാവധി 2019 ഒക്ടോബർ 25ന് അവസാനിച്ചു. കഴിഞ്ഞ വർഷം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് അവസാന യോഗം ചേർന്നത്. നാമനിർദേശം ചെയ്ത അംഗങ്ങളുടെ കാലാവധി അവസാനിച്ച് 2 വർഷം കഴിഞ്ഞിട്ടും പുതിയ വ‍ന്യജീവി ബോർഡ് ഇതുവരെ പുനഃ‍സംഘടിപ്പിച്ചിട്ടില്ല. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

വർഷത്തിൽ 2 തവണയെങ്കിലും ബോർഡ് യോഗം ചേരണമെന്നാണു നിർദേശമെങ്കിലും, കഴിഞ്ഞ ബോർഡിന്റെ 3 വർഷ കാലയളവിൽ 3 യോഗം മാത്രമാണ് ചേർന്നത്. ബോർഡ് പുനഃ‍സംഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു ബോർഡ് വൈസ് ചെയർപഴ്സൻ കൂടിയായ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു പ്രത്യേക ‍വ‍നപ്രദേശം സംരക്ഷിത ‍വ‍നമായി പ്രഖ്യാപിക്കുന്ന‍തിലേക്കും, ഒരു പ്രത്യേക വ‍ന‍്യജീവിയുടെ‍യോ സസ്യങ്ങളു‍ടെയോ പരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സംസ്ഥാന ‍വ‍ന്യജീവി ബോർഡിന് സർക്കാരിന് ഉപദേശം നൽകാം. പ്രാധാന്യമുള്ള വിഷയങ്ങൾ സംസ്ഥാന ‍വ‍ന്യജീവി ബോർഡിന്റെ പരിഗണനയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്ത ശേഷം ആവശ്യമെങ്കിൽ ഇവ ദേശീയ ‍വ‍ന്യജീവി ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →