ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി: ഷാരൂഖ് ഖാന്റെ മകനെ എൻ സി ബി ചോദ്യം ചെയ്യുന്നു

മുംബൈ: ആഡംബര കപ്പലിലെ സംഗീത – ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യംചെയ്യുന്നു. മുംബൈ തീരത്തുനിന്ന് പുറപ്പെട്ട കപ്പലില്‍ 02/10/21 ശനിയാഴ്ച രാത്രി നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

ആര്യൻ ഖാനെതിരെ ഇതുവരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് എൻസിബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ആര്യൻ ഖാന്റെ ഫോൺ പിടിച്ചെടുത്തെന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു. ഫോണിലെ ചാറ്റുകള്‍ എന്‍സിബി സംഘം പരിശോധിക്കുകയാണ്. മുംബൈ ക്രൂയിസ് കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത എല്ലാവരുടെയും മൊബൈൽ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് എത്തിയ മൂന്ന് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ചില പ്രമുഖ വ്യവസായികളുടെ മക്കളും ഇക്കൂട്ടത്തിലുണ്ട്.

ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’യ്ക്കായി പുറപ്പെട്ട ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലില്‍ നിരോധിത മയക്കുമരുന്നുകല്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തില്‍ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയതോടെയാണ് ലഹരിപ്പാർട്ടി ആരംഭിച്ചത്. മുംബൈയിൽ നിന്ന് പുറപ്പെട്ട് അറബിക്കടലിൽ യാത്ര ചെയ്ത ശേഷം ഒക്ടോബർ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലിലെ ആളുകളാണ് പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →