റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഗവ. ലോ കോളേജില്‍ സായാഹ്ന എല്‍എല്‍ബി കോഴ്‌സ്‌ നിര്‍ത്തലാക്കുന്നു

June 18, 2021 - 8:58 am

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജില്‍ ത്രിവത്സര സായാഹ്ന എല്‍എല്‍ബി കോഴ്‌സ്‌ അവസാനിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌. ബാര്‍കൗണ്‍സില്‍ നിര്‍ദ്ദേശ പ്രകാരമാണ്‌ കോഴ്‌സ്‌ നിര്‍ത്തലാക്കുന്നതെന്ന്‌ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. 2008 ലെ നിയമ വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചാണ്‌ അഡീഷണല്‍ സ്വാശ്രയ(സായാഹ്ന)കോഴ്‌സ്‌ നടത്തുന്നതെന്ന്‌ ബാര്‍കൗണ്‍സില്‍ നിയോഗിച്ച സമിതി കണ്ടെത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ സര്‍ക്കാര്‍ നടപടി.

2014 ല്‍ ആണ്‌ തിരുവനന്തപുരം ഗവ.ലോ കോളേജില്‍ അഡീണല്‍ ബാച്ചിനായി സായാഹ്ന കോഴ്‌സ്‌ പുനരാരംഭിച്ചത്‌. സര്‍വകലാശാലയുടെയും ബാര്‍ കൗണ്‍സിലിന്റെയും അംഗീകാരത്തിന്‌ വിധേയമായാണ്‌ കോഴ്‌സ്‌ ആരംഭിച്ചത്‌. കേരള സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ചെങ്കിലും ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ജനുവരി 5ന്‌ ബാര്‍ കൗണ്‍സില്‍ സംഘം കോളേജില്‍ പരിശോധനക്കെത്തുകയും സായാഹ്ന കോഴ്‌സ്‌ 2008ലെ ചട്ടപ്രകാരം അനുവദനീയമല്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട്‌ നിലപാടറിയിക്കാന്‍ ബാര്‍കൗണ്‍സില്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

സര്‍ക്കാരിന്‍റെ മറുപടി ലഭിച്ചശേഷമേ കോളേജിലെ മറ്റ്‌ റെഗുലര്‍ കോഴ്‌സുകള്‍ക്ക്‌ അംഗീകാരം നല്‍കുന്നത്‌ പരിഗണിക്കുകയുളളുഎന്നും ബാര്‍കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. കോഴ്‌സ്‌ നിര്‍ത്തലാക്കാന്‍ ബാര്‍ കൗണ്‍സില്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നും അല്ലാത്തപക്ഷം കോളേജിലെ മറ്റ്‌ കോഴ്‌സുകളുടെ നടത്തിപ്പിനെ ബാധി്‌ക്കുമെന്നും കാണിച്ച്‌ പ്രിന്‍സിപ്പല്‍ സര്‍ക്കാരിന്‌ കത്തുനല്‍കി. ഇതിന്‌ പിന്നാലെയാണ്‌ 2021-22 വര്‍ഷം മുതല്‍ സായാഹ്ന എല്‍എല്‍ബി കോഴ്‌സ്‌ നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.

സംസ്ഥാനത്ത്‌ തിരുവനന്തപുരം ലോ കോളേജിന്‌ പുറമേ സ്വാശ്രയ സ്ഥാപനമായ പേരൂര്‍ക്കട ലോ അക്കാദമി ലോ കോളേജിലും സായാഹ്ന എല്‍എല്‍ബി കോഴ്‌സുണ്ട്‌. ബാര്‍ കൗണ്‍സിലിന്‍റെ ചട്ടങ്ങള്‍ ലോ അക്കാദമിയുടെ കാര്യത്തില്‍ ബാധകമാക്കാതെയാണ്‌ സര്‍ക്കാര്‍ കോളേജിലെ കോഴ്‌സ്‌ നിര്‍ത്തലാക്കുന്നത്‌. സര്‍ക്കാര്‍ ലോ കോളേജില്‍ സായാഹ്ന കോഴ്‌സ്‌ പുനരാരംഭിച്ചതുമുതല്‍ ഇതിനെതിരെ ചരടുവലികള്‍ ആരംഭിച്ചതായി നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *