ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും പാകിസ്താനും ആണവായുധ ശേഖരം വിപുലീകരിക്കുന്നതായി റിപ്പോര്‍ട്ട്. ആയുധശേഖരവും സംഘട്ടനവും സംബന്ധിച്ചുള്ള പഠനവിഭാഗമായ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇയര്‍ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ മുന്നിലാണ്.350 ആണവായുധങ്ങളാണ് ചൈനീസ് ശേഖരത്തില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 320 ആയിരുന്നു. പാകിസ്താനില്‍ 160 ഉം ഇന്ത്യയില്‍ 150 ഉം ആണ് ആണവായുധങ്ങളുടെ എണ്ണം. 2019 ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ആണവായുധശേഖരത്തിന്റെ കാര്യത്തില്‍ ചൈനയും പാകിസ്താനും ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു. 290 ആയിരുന്നു ചൈനയിലെ 2019 ലെ ആണവായുധ ശേഖരം.ചൈന സൈനിക ശക്തിയില്‍ വളരെ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും സൈനിക ശക്തിയിലെ പ്രധാന ഘടകമായ ന്യൂക്ലിയര്‍ ട്രയാഡ് ആദ്യമായി ചൈന സ്വന്തമാക്കി എന്നുമാണ് എസ്.ഐ.പി.ആര്‍.ഐ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
ന്യൂക്ലിയര്‍ മിസൈലുകള്‍, മിസൈല്‍ സായുധ അന്തര്‍വാഹിനി, ന്യൂക്ലിയാര്‍ ബോംബുകളും മിസൈലുകളും ഉള്ള വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ത്രിമുഖ സൈനിക ശക്തി ഘടനയാണ് ന്യൂക്ലിയര്‍ ട്രയാഡ്.6375 ആണ് റഷ്യയുടെ ആണവായുധ ശേഖരം. 5800 ആണ് അമേരിക്കയുടെ ശേഖരം. ആഗോള ആണവ ശേഖരത്തിന്റെ 90 ശതമാനവും കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയും ആണ്.കഴിഞ്ഞ വര്‍ഷത്തെ കണക്കുകളേക്കാള്‍ ആണവായുധ ശേഖരത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണെങ്കിലും രാജ്യങ്ങള്‍ അവരുടെ ആണവായുധശേഖരങ്ങള്‍ നവീകരിക്കുന്നത് തുടരുന്നുണ്ട്.ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്ക് അതിര്‍ത്തിയില്‍ സൈനിക തര്‍ക്കം നിലനില്‍ക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ആണവായുധ ശേഖരം വിപുലീകരിച്ച് ചൈനയും പാകിസ്താനും പിന്നാലെ ഇന്ത്യയും
