ന്യൂഡല്‍ഹി: വിവാദമായ പുതിയ സ്വകാര്യതാനയം പിന്‍വലിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിന് നിര്‍ദേശം നല്‍കിയതായി സൂചന.ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും വാട്സ്ആപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുകൂല നടപടിയല്ല വാട്സ്ആപ്പിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നതെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന.
വാട്സ്ആപ്പിന്റെ പുതിയ നയങ്ങള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നതാണെന്നും ഡേറ്റകളിലേക്കുള്ള കടന്നുകയറ്റമാണെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയവുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അക്കൗണ്ട് രജിസ്ട്രേഷന്(ഫോണ്‍ നമ്പര്‍ അടക്കം), ഇടപാട് വിവരങ്ങള്‍, സേവന വിവരങ്ങള്‍, മറ്റുള്ളവരുമായി എങ്ങനെ പെരുമാറുന്നു, മൊബൈല്‍ഫോണ്‍ വിവരങ്ങള്‍, ഐ.പി. അഡ്രസ്, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാട്സ്ആപ്പുമായി സഹകരിക്കുന്നവര്‍ക്കു കൈമാറുമെന്നതാണു പുതിയ സ്വകാര്യതാ നയത്തിന്റെ കാതല്‍.

