ആര്‍.ബി.ഐ ഇന്ന് പ്രഖ്യാപിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ; പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും വായ്പാവിതരണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒമ്പതിന നടപടികള്‍ പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് 27 ന് റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച നടപടികളുടെ തുടര്‍ച്ചയാണിത്. ഓണ്‍ലൈനായാണ് ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

അധിക നടപടികളുടെ ലക്ഷ്യങ്ങള്‍:

  1. കോവിഡ് ബാധമൂലം ധനവിനിമയപ്രതിസന്ധി നേരിടുന്ന വിപണിയില്‍ പണത്തിന്റെ ലഭ്യത നിലനിര്‍ത്തുക
  2. ബാങ്ക് വായ്പകളുടെ ലഭ്യത സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
  3. സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക, ഒപ്പം
  4. വിപണികളുടെ സാധാരണനിലയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുക പ്രഖ്യാപനങ്ങളുടെ പൊതു അവലോകനം:

പ്രത്യേക ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല പദ്ധതികള്‍ (ടിഎല്‍ടിആര്‍ഒ 2.0)

പ്രത്യേക ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല റിപ്പോ നടപടികളുടെ രണ്ടാം ഘട്ടത്തിനായി (ടിഎല്‍ടിആര്‍ഒ 2.0) 50,000 കോടി രൂപ അനുവദിക്കും. കോവിഡ് -19 കൂടുതല്‍ ഗുരുതരമായി ബാധിച്ച എന്‍ബിഎഫ്സി, എംഎഫ്ഐ എന്നിവയുള്‍പ്പെടെ ചെറുകിട, ഇടത്തരം ധനകാര്യസ്ഥാപനങ്ങള്‍ക്ക് പണലഭ്യതയ്ക്കായാണ് ഇത് ചെയ്യുന്നത്.

ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള പുനര്‍ധനസഹായം

വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്), ചെറുകിട വ്യവസായ വികസന ബാങ്ക്, നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി) എന്നിവയ്ക്ക് 50,000 കോടി രൂപ നല്‍കും. ഈ സ്ഥാപനങ്ങള്‍ ധനസമാഹരണത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാലാലാണ് റീഫിനാന്‍സിങ്ങ് സൗകര്യം നല്‍കുന്നത്.

റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു

റിവേഴ്‌സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 4.0 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായാണ് റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചത്. ഉല്‍പാദന മേഖലകളിലെ നിക്ഷേപങ്ങളിലും വായ്പകളിലും കൂടുതല്‍ പണം ലഭ്യമാക്കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പരിധി ഉയര്‍ത്തല്‍

ലോക് ഡൌണ്‍ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് പരിധി 2020 മാര്‍ച്ച് 31 വരെയുള്ളതിനെ അപേക്ഷിച്ച് 60% വര്‍ദ്ധിപ്പിച്ചു. ഇത് കോവിഡ് -19 പ്രതിസന്ധി കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കും.
വരവിലും ചെലവുകളിലുമുള്ള താല്‍ക്കാലിക പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകളെ സഹായിക്കുന്നതിന് റിസര്‍വ് ബാങ്ക് നല്‍കുന്ന താല്‍ക്കാലിക വായ്പാ സൗകര്യമാണ് വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്. വര്‍ദ്ധിപ്പിച്ച വായ്പാ പരിധി 2020 സെപ്റ്റംബര്‍ 30 വരെ ലഭ്യമായിരിക്കും. റെസല്യൂഷന്‍ സമയക്രമം നീട്ടി

സമ്മര്‍ദ്ദത്തിലാകുന്ന ആസ്തികളുടെയോ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കളാകാന്‍ സാധ്യതയുള്ളതോ ആയ ഇടപാടുകളുടെ പരിഹാരത്തിനുള്ള കാലാവധി 90 ദിവസത്തേക്ക് നീട്ടി.

ലാഭവിഹിത വിതരണം

2019-20 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും കൂടുതല്‍ ലാഭവിഹിതം നല്‍കേണ്ടതില്ല. ബാങ്കുകളുടെ മൂലധന സംരക്ഷണത്തിനാണിത്.

ലിക്വിഡിറ്റി കവറേജ് അനുപാതം കുറയ്ക്കല്‍

വ്യക്തിഗത സ്ഥാപനങ്ങളുടെ പണലഭ്യത മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ ബാങ്കുകളുടെ ലിക്വിഡിറ്റി കവറേജ് അനുപാതം 100 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി താഴ്ത്തി. തീരുമാനം ഉടന്‍ പ്രാബല്യത്തിലാക്കി. 2020 ഒക്ടോബര്‍ 1 നകം 90 ശതമാനമായും 2021 ഏപ്രില്‍ 1 നകം 100 ശതമാനമായും ഇത് രണ്ട് ഘട്ടങ്ങളായി പുനസ്ഥാപിക്കപ്പെടും .

എന്‍ബിഎഫ്സി വായ്പകള്‍
വാണിജ്യ പ്രവൃത്തികള്‍ സമയ ബന്ധിതമായി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കുള്ള വായ്പ തുക എന്‍ബിഎഫ്സികള്‍ക്കും ലഭ്യമാക്കും. ഇത് എന്‍ബിഎഫ്സിക്കും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ആശ്വാസം പകരും.

ഐഎംഎഫിന്റെ ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍ അനുസരിച്ച്, 2020 ല്‍ ആഗോള സമ്പദ്വ്യവസ്ഥ മഹാസാമ്പത്തികമാന്ദ്യം ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് കരുതുന്നു.

ഈ അവസ്ഥയില്‍ അനുകൂലമായ വളര്‍ച്ചനിരക്കായ പ്രതീക്ഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു (1.9 %). ജി -20 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. ഇത് പണലഭ്യത വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആര്‍.ബി.ഐയുടെ ഇന്നത്തെ പ്രഖ്യാപനം പണലഭ്യത നന്നായി വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. നമ്മുടെ ചെറുകിട ബിസിനസ്സുകാര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കൃഷിക്കാര്‍,പാവപ്പെട്ടവര്‍ എന്നിവരെ ഇത് സഹായിക്കും. വേയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് പരിധി വര്‍ദ്ധിപ്പിച്ചത് സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടും-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →