കാസർകോട്: കോവിഡ്പ്രതിരോധം ഊര്‍ജിതമായി ഏറ്റെടുത്ത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചു. പെരിയ സി.എച്ച്.സിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടുകൂടിയുള്ള കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇവിടെ കൂടുതലായി അഞ്ച് ഓക്‌സിജന്‍ സിലിണ്ടറും ഒരു ഇലക്ട്രോണിക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും സജ്ജമാക്കും. ബ്ലോക്കിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളെയും കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ബുധനാഴ്ച ആരംഭിക്കും. കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും പെരിയ സി.എച്ച്.സിയില്‍ കണ്‍ട്രോള്‍റൂം തുടങ്ങി.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്‌മോഹന്‍, സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാരായ എം.കെ വിജയന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ ഗ്രാമപഞ്ചായത്തുകളും പിഎച്ച്‌സികളും സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഗ്രാമപഞ്ചായത്തുകള്‍ ആരംഭിക്കുന്ന ഡിസിസി സിഎഫ്എല്‍ടിസികളിലേക്കായി 50 പള്‍സ് ഓക്‌സിമീറ്ററുകള്‍, 50 കട്ടിലുകള്‍, 50 ബെഡുകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കും. സേവന സന്നദ്ധതയുള്ള ആരോഗ്യമേഖലയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടേയും മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങിയവരുടേയും സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കോവിഡ് മഹാമാരിയേയും മറ്റ് ദുരന്തങ്ങളേയും നേരിടാന്‍ നൂറ് പേരടങ്ങിയ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രംഗത്തിറങ്ങും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാലില്‍ ആരംഭിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിലേക്ക് 5 ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയും നല്‍കും. ഇതിന് പുറമെ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. കോവിഡിന്റെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തെ നേരിടാന്‍ 17 ലക്ഷം രൂപയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി ചെലവഴിക്കുന്നത്.

