ഇസ്ലാമാബാദ്: അഫ്ഗാൻ-പാകിസ്താൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ അഫ്ഗാനിസ്താനെതിരേ രൂക്ഷവിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ പ്രവർത്തിക്കുക യാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. 2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റുകയും ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ആസിഫ് എക്സിൽ കുറിച്ചു. പാകിസ്താന്റെ ക്ഷമ നശിച്ചതായും തുറന്ന യുദ്ധം ആരംഭിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
താലിബാൻ ഭരണകൂടം ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുന്നു.
താലിബാൻ ഭരണകൂടം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. നയതന്ത്രത്തിലൂടെയും സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിലൂടെയും ബന്ധം സാധാരണ നിലയിലാക്കാൻ പാകിസ്താൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ഇപ്പോൾ പാകിസ്താനെ ലക്ഷ്യമിട്ട് അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ സൈന്യം കടൽ കടന്നുവന്നവരല്ലെന്നും “താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
