റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല സ്വര്‍ണക്കൊള്ള : നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം

February 3, 2026 - 11:19 am

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ എസ്‌ഐടി അവസരം ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയില്‍ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പോലും ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ പോകുന്നു. പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ എസ്‌ഐടി അവസരം ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും വി ഡി സതീശന്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളതെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

സ്വര്‍ണക്കേസ് പ്രതികളെ സോണിയ ഗാന്ധിയുടെ വീട്ടില്‍ എത്തിച്ചവരാണ് പ്രതിപക്ഷമെന്ന് ഡി കെ മുരളി എംഎല്‍എ ആരോപിച്ചു. നാടിനെ അപമാനപ്പെടുത്തുന്ന യുഡിഎഫിനെ ജനം തള്ളും. അടിയന്തര പ്രമേയത്തിന് വിഷയം പോലും ഇല്ല. ചോദ്യോത്തര വേളയിലൂടെ നാടിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള ഞങ്ങളുടെ അവകാശമാണ് പ്രതിപക്ഷം ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

പ്രതിപക്ഷം ഡയസിലേക്ക് ചാടി കടക്കാന്‍ ശ്രമിച്ചു

പ്രതിഷേധത്തിനിടെ സഭയില്‍ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ശ്രമം നടത്തി. ഇതിന് പിന്നാലെ സ്പീക്കര്‍ ഡയസ് വിട്ട് എഴുന്നേറ്റ് പോയി. എംഎല്‍എ അന്‍വര്‍ സാദത്താണ് കാല്‍ ഉയര്‍ത്തി ഡയസിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ചത്. ഒപ്പം ടി വി ഇബ്രാഹീം, സനീഷ് കുമാര്‍ ജോസഫ്, മാത്യു കുഴല്‍നാടന്‍ എന്നിവരും ഡയസിലേക്ക് ചാടി കടക്കാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ തിരികെ സീറ്റുകളിലേക്ക് മടങ്ങുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *