.
.
തിരുവനന്തപുരം | ജൂൺ 3, 2026
സംസ്ഥാനത്തെ വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ‘കതിര്’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ്) പദ്ധതിക്ക് തുടക്കമിടുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കതിര് പദ്ധതിക്ക് തുടക്കം
ജൂൺ 5ന് രാവിലെ 10.30ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ എന്ന സമഗ്ര കാർഷിക യജ്ഞത്തിനും തുടക്കമാകും.
പരിസ്ഥിതി ദിനത്തിൽ സംസ്ഥാനവ്യാപക പങ്കാളിത്തം
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. വിവിധ വകുപ്പ് മന്ത്രിമാർ, എംഎൽഎമാർ, കർഷകർ, ഉന്നത ഉദ്യോഗസ്ഥർ, തലസ്ഥാനത്തെ അഞ്ച് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഹരിത സംഗമത്തിൽ പങ്കെടുക്കും. ഇതേ സമയം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.
വിദ്യാർത്ഥികളും അധ്യാപകരും പദ്ധതിയുടെ ഭാഗമാകും
കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടാനുള്ള കാർഷിക ഹരിത പ്രതിരോധത്തിന്റെ ഭാഗമായാണ് കതിര് പദ്ധതി ആവിഷ്കരിച്ചി രിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ഓരോ ക്ലബ്ബിനും നോഡൽ അധ്യാപകരെ നിയോഗിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്കൂൾതല സമിതികൾ രൂപീകരിക്കുകയും ചെയ്യും.
കൃഷിയോടുള്ള താൽപര്യവും ഭക്ഷ്യസുരക്ഷയും ലക്ഷ്യം
വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ‘പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കും ഭാവിക്കുമായി പ്രവർത്തിക്കുക’ എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും ഉറപ്പാക്കാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള വലിയ മുന്നേറ്റമാകും ഇതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് വ്യക്തമാക്കി.
.