ഡൽഹി: രാജ്യത്തു ക്രൈസ്തവർക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളിൽ അടിയന്തരവും നിർണായകവുമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് സമിതി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരേയുള്ള ഗുരുതരമായ വെല്ലുവിളിയാണിതെന്നും അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും നിശബ്ദത വിദ്വേഷപ്രചാരകർക്ക് കൂടുതൽ ധൈര്യം പകരുകയാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ക്ഷണം തുറന്നുനൽകുകയാണെന്നും കത്തിൽ വേണുഗോപാൽ കുറ്റപ്പെടുത്തി.
“സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യം അർത്ഥശൂന്യമാകും
ഛത്തീസ്ഗഡിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും കേരളത്തിലും നടത്തിയിട്ടുള്ള ആക്രമണങ്ങൾ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്ത്യ എന്ന ആശയത്തിനുമേലുള്ള മുറിവുകളാണ്. ആൾക്കൂട്ട വിചാരണയ്ക്കു വിട്ടുകൊടുത്ത് പൗരന്മാരെ സർക്കാർ കൈവെടിയുമ്പോൾ “സബ്കാ സാത്ത്, സബ്കാ വികാസ്’ (എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യം എങ്ങനെ പ്രസംഗിക്കാൻ കഴിയുമെന്ന് വേണുഗോപാൽ ചോദിച്ചു.രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ തനിക്കിഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികളെടുക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു..


