കോട്ടയം: കേരളത്തിൽ മദ്യവിൽപ്പനയും ഉപയോഗവും ഇത്തരത്തിലേക്ക് തുടരുകയാണെങ്കിൽ, അത് സംസ്ഥാനത്തെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടയം ലൂർദ് ഹാളിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ബ്രൂവറിയും കേരളത്തിൽ അനുവദിക്കില്ല.
ബ്രൂവറിയല്ല കേരളത്തിന്‍റെ വ്യവസായ വികസനം. പാലക്കാട്ടെ ബ്രൂവറിക്കുവേണ്ടി സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഒരു ബ്രൂവറിയും കേരളത്തിൽ അനുവദിക്കില്ലെന്നും, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇതേ നയം തുടരുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.മദ്യം കേരളത്തെ ലഹരിയിലാഴ്ത്തിയിരിക്കുകയാണ്. കോട്ടയം നഴ്‌സിംഗ് കോളജ് റാഗിംഗിന് പിന്നിലും മദ്യലഹരി ഉപയോഗവും അതിനുവേണ്ടി പണം സമ്പാദിക്കാനുള്ള ശ്രമവുമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി.
മദ്യവിരുദ്ധ സമിതിയുടെ വാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ദീപശിഖ കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയോഡേഷ്യസിനു വി.ഡി. സതീശൻ കൈമാറി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഒരുമിച്ച് മുന്നേറിയാൽ മദ്യലഹരിയിൽ നിന്ന് കേരളത്തെയും പ്രത്യേകിച്ച് യുവജനങ്ങളെയും രക്ഷിക്കാനാകുമെന്ന് മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. മദ്യത്തിനും ലഹരിക്കുമെതിരേ പ്രതികരിക്കാൻ കേരളത്തിലെ സാംസ്‌കാരിക നേതാക്കൾ മുന്നോട്ടിറങ്ങണമെന്നും, മാധ്യമങ്ങൾ ഇത് പ്രൈം ടൈം ചര്‍ച്ചയാക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു
യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോണ്‍ അരീക്കല്‍, റവ. ഡോ. ഫിലിപ്പ് നെല്‍പുരപ്പറമ്ബില്‍, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. പോള്‍ കാരച്ചിറ, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ആന്‍റണി ജേക്കബ് ചാവറ, വി.ഡി. രാജു, സി.എക്‌സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, എ.ജെ. ഡിക്രൂസ്, റോയി ജോസ്, സിബി ഡാനിയേല്‍, ടോമി വെട്ടിക്കാട്ട്, തോമസ് കോശി, കെ.പി. മാത്യു, മേരി ദീപ്തി, ടി.എസ്. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.




