ഹൃദ്രോഗിയായ വൃദ്ധനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി

വെള്ളറട: കീഴാറൂർ കുക്കറണി റോഡരികത്ത് വീട്ടില്‍ ഭാസ്ക്കരൻനാടാരെ (71) പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി കുക്കറണിയില്‍ റോഡരികില്‍ നില്‍ക്കവെ ആര്യങ്കോട് പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥർ കരണത്തും കാലിലും മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ മകൻ, ഭാസ്ക്കരൻനാടാരെ പെരുങ്കടവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ഡി.ജി.പിക്ക് പരാതിയും നല്‍കി.

അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതായി സമീപവാസിയായ സ്ത്രീ വിളിച്ചറിയിച്ചതനുസരിച്ചാണ് വന്നതെന്ന് പോലീസ്

പിതാവ് ഹൃദ്രോഗിയായതിനാല്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരം വൈകിട്ട് നടക്കാനിറങ്ങിയതാണെന്നും മകൻ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ ആര്യങ്കോട് പൊലീസ് പറയുന്നത് : കുക്കറണി ജംഗ്ഷനിലെ കടയ്ക്ക് മുന്നിലിരുന്ന് ഒരുകൂട്ടം ആളുകള്‍ അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതായി സമീപവാസിയായ സ്ത്രീ പൊലീസ് കണ്‍ട്രോണ്‍ റൂമില്‍ വിളിച്ചറിയിച്ചു.

ഇതിനെ തുടർന്ന് പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കടവരാന്തയിലിരുന്നവർ ഓടി. ഭാസ്ക്കരൻ നാടാരും ഇതിനിടയില്‍ ഓടിയിരുന്നു. ഇയാളും സംഘത്തിലുള്ളതാണെന്ന് സ്ത്രീ പരാതിപ്പെട്ടു. തുടർന്നാണ് താക്കീത് ചെയ്ത് പറഞ്ഞുവിട്ടത്. സ്ത്രീയുടെ പരാതിയെത്തുടർന്ന് ഭാസ്ക്കരൻനാടാർ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തതായും ആര്യങ്കോട് പൊലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →