തൊടുപുഴ: സംസ്ഥാനത്തെ അൾട്രാവൈലറ്റ് തീവ്രത ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് മൂന്നാറിൽ. ദേശീയ ദുരന്തനിവാരണ അതോറിട്ടി നൽകുന്ന വിവരങ്ങൾ പ്രകാരം ഏപ്രിൽ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 11.16-ന് മൂന്നാറിൽ യു.വി. സൂചിക ഒൻപത് രേഖപ്പെടുത്തി. കഴിഞ്ഞദിവസം വരെ ഇവിടെ സൂചിക എട്ടിൽ തുടരുകയായിരുന്നു. വീണ്ടും ഒരു പോയന്റ് ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇത് 11-ലേക്ക് എത്തിയാൽ മൂന്നാറിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടിവരും. പകൽ പുറത്തിറങ്ങുന്നതിന് പൂർണ നിയന്ത്രണമടക്കം വന്നേക്കാം.
അൾട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു.വി. സൂചിക
ഒരു പ്രത്യേകസ്ഥലത്തും സമയത്തും സൂര്യതാപത്തിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു.വി. സൂചിക. മൂന്നാർ ഉൾപ്പെടെ കേരളത്തിലെ നാല് പ്രദേശങ്ങൾ നിലവിൽ അതീവജാഗ്രത പുലർത്തേണ്ട ഓറഞ്ച് അലർട്ടിലാണ്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് യു.വി. സൂചിക എട്ടിൽ തുടരുന്നത്. കണ്ണൂരിലെ ധർമ്മടം അടക്കമുള്ള പ്രദേശങ്ങളിൽ സൂചിക കഴിഞ്ഞദിവസങ്ങളിൽ എട്ടിൽ എത്തിയെങ്കിലും നിലവിലത് അഞ്ചായി കുറഞ്ഞിട്ടുണ്ട്.
അൾട്രാവയലറ്റ് രശ്മികൾ ദേഹത്ത് ഏറ്റാൽ പൊള്ളും.
ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ ദേഹത്ത് ഏറ്റാൽ പൊള്ളും. കാഴ്ചയെ പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് വിദഗ്ധർ പറയുന്നു. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന ജോലികൾ പരമാവധി
“ഒഴിവാക്കണമെന്നും സുരക്ഷാമുൻകരുതലുകൾ എടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
യു.വി. സൂചിക അളക്കുന്നത് 14 ഇടത്ത്
ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തെ 14 ജില്ലകളിലായി 14 കേന്ദ്രങ്ങളിൽ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. യു.വി. രശ്മികൾ നേരിട്ട് പതിക്കാൻ സാധ്യതയുള്ള, വായുസാന്ദ്രതകൂടിയ ഉയർന്ന ഭൂപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിരീക്ഷണം. ഉച്ചസമയത്ത് സൂര്യൻ നേരെ മുകളിലായിരി ക്കുമ്പോഴാണ് വികിരണം ഏറ്റവും കൂടുതൽ. യു.വി. റേഡിയോമീറ്റർ അല്ലെങ്കിൽ സ്പെക്ട്രോ റേഡിയോമീറ്ററാണ് ഇത് അളക്കാൻ ഉപയോഗിക്കുന്നത്.”