ബംഗളൂരു: സൂര്യനിരീക്ഷണത്തിനായി ലാഗ്റേഞ്ച് വണ്‍ പോയിന്റിലേക്കുള്ള സഞ്ചാരത്തിനിടെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് സെല്‍ഫിയെടുത്തും ഭൂമിയെയും ചന്ദ്രനെയും കാമറയില്‍ പകര്‍ത്തിയും ആദിത്യ എല്‍ വണ്‍. സെപ്റ്റംബര്‍ നാലിന് ആദിത്യ പേടകത്തിലെ കാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐ.എസ്.ആര്.ഒ വ്യാഴാഴ്ച എക്സില്‍ പങ്കുവെച്ചു.
പേടകത്തിലെ ബാഹ്യ ഉപകരണങ്ങളായ വെല്‍സ് (വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണാഗ്രാഫ്), സ്യൂട്ട് (സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജര്‍) എന്നിവയുടെ വ്യക്തതയാര്‍ന്ന ചിത്രങ്ങളാണ് സെല്‍ഫിയിലുള്ളത്. ആദിത്യയുടെ ഓണ്‍ബോര്‍ഡ് കാമറകള്‍ പകര്‍ത്തുന്ന ആദ്യ ചിത്രങ്ങളാണിവ.
ഭൂമിയുടെ വ്യക്തമായ ചിത്രവും ചന്ദ്രന്റെ വിദൂരദൃശ്യവും ഇവയിലുണ്ട്. ലക്ഷ്യത്തിലെത്തിയാല്‍ ഐ.എസ്.ആര്.ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലേക്ക് ദിനേന 1440 ചിത്രങ്ങളാണ് വെല്‍സ് അയക്കുക. ഇവ വിശകലനം ചെയ്താണ് പഠനം നടത്തുക.



