സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടിക്കാര്‍ക്ക് ഒ.സി;നാട്ടുകാര്‍ക്ക് കുഞ്ഞൂഞ്ഞ്

July 18, 2023 - 7:44 pm

കേരളം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രായഭേദമന്യേ ജനം കുടുംബാംഗമെന്നപോലെയാണ് അദ്ദേഹത്തോട് അടുപ്പം കാണിച്ചത്. ഉമ്മന്‍ചാണ്ടി ആവിഷ്‌കരിച്ച ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയമായത് അദ്ദേഹത്തിന്റെ ലാളിത്യം ഒന്നുകൊണ്ടുമാത്രമാണ്.
അടുപ്പുമുള്ളവര്‍ അദ്ദേഹത്തെ കുഞ്ഞൂഞ്ഞ് എന്നാണു വിളിച്ചിരുന്നത്. പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹം എന്നും കുഞ്ഞൂഞ്ഞ് തന്നെയായിരുന്നു. 53 വര്‍ഷം തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചത് നാടിനു കുഞ്ഞൂഞ്ഞിനോടുള്ള സ്‌നേഹം ഒന്നുകൊണ്ടുമാത്രം. അദ്ദേഹത്തിനെതിരേ എതിര്‍പക്ഷം കൊണ്ടുവന്ന ആരോപണങ്ങള്‍ ഒന്നും നാട്ടുകാര്‍ക്കു മുന്നില്‍ വിലപ്പോയില്ല. ഒരേ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ നേതാവ് എന്ന ബഹുമതി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം.
പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും അദ്ദേഹം കെ.എസ്.യു കാലം മുതല്‍ ഒ.സി. ആയിരുന്നു. ഉമ്മന്‍ ചാണ്ടി എന്നതിന്റെ ചെറുരൂപം. ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ടുനില്‍ക്കെ തന്റെ 27ാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സരത്തിനിറങ്ങുന്നത്. പുതുതായി രൂപം കൊണ്ട മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും പ്രശ്‌നമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയോടു പറഞ്ഞിരുന്നത്.
എന്നാല്‍ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് സിറ്റിങ് എം.എല്‍.എയായ ഇ.എം. ജോര്‍ജിനെതിരേ 7233 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി ജയിച്ചുകയറി. ശേഷം മണ്ഡലത്തില്‍ അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
1977, 80, 82, 87, 91, 96, 2001, 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടി ജൈത്രയാത്ര തുടര്‍ന്നു. 2011ല്‍ സുജ സൂസന്‍ ജോര്‍ജിനെ 33255 വോട്ടിന് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.
1977 ല്‍ 111 സീറ്റ് നേടി അധികാരത്തില്‍ വന്ന കെ കരുണാകരന്‍ സര്‍ക്കാരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍മന്ത്രിയായി. 1982 ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കരുണാകരനോടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം രാജിവെച്ചു.
കെ. കരുണാകരന്‍ വിരുദ്ധ ചേരിയില്‍ എ.കെ. ആന്റണിക്കൊപ്പം എക്കാലത്തും നിലകൊണ്ട ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിലെ രണ്ടാമനായി നിലകൊണ്ടു. ആന്റണി കേരളാ രാഷ്ട്രീയത്തില്‍നിന്ന് ദേശീയരാഷ്ട്രീയത്തിലേക്ക് കുടിയേറിയതോടെ എ ഗ്രൂപ്പിന്റെ അമരക്കാരനായി.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും ഭൂരിപക്ഷ സമുദായ അനുകൂല പ്രസ്താവനയും മൂലം ഒറ്റപ്പെട്ട എ.കെ ആന്റണി രാജിവെച്ചപ്പോള്‍ പകരക്കാരനായി മുഖ്യമന്ത്രി പദത്തിലെത്തിയ ഉമ്മന്‍ ചാണ്ടി 2006 വരെ ആസ്ഥാനത്ത് തുടര്‍ന്നു. 2006 ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദേഹം പ്രതിപക്ഷ നേതാവായി. പിന്നീട് 2011ലെ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് 2016 വരെ മുഖ്യമന്ത്രി.

ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ കാലഘട്ടത്തിലെ നാഴികക്കല്ലാണ് ജനസമ്പര്‍ക്ക പരിപാടി. ജനങ്ങളുടെ കാലങ്ങളായുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് അവര്‍ക്കിടയിലേക്കിറങ്ങിവന്ന് ഉമ്മന്‍ചാണ്ടി പരിഹാരം കണ്ടെത്തി. മുഖ്യമന്ത്രി എന്നതിലുപരി സാധാരണക്കാരുടെ നേതാവെന്ന, എന്തു പ്രശ്‌നവും നേരിട്ടു പറയാവുന്ന, അടുപ്പമാണ് അദ്ദേഹം സാധ്യമാക്കിയത്. അതിനായി മണിമന്ദിരത്തില്‍ ഇരിക്കാതെ അവരിലൊരാളായി അവര്‍ക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിവന്നപ്പോള്‍ ജനസമ്പര്‍ക്കപരിപാടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വിജയമായി.
കാലങ്ങളായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങി ജീവിതം തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ തളയ്ക്കപ്പെട്ട നിവരധിപേര്‍ക്ക് വലിയ തോതില്‍ ആശ്വാസമേകാന്‍ ജനസമ്പര്‍ക്ക പരിപാടിക്കു സാധിച്ചു. ഉമ്മന്‍ചാണ്ടിക്ക് യു.എന്‍ അംഗീകാരം വരെ നേടിക്കൊടുത്തു ഈ പരിപാടി.

ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ അടുത്തുനിന്നു കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യസര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും പാരാതികളുമായെത്തിയ ആരെയും അദ്ദേഹം നിരാശരാക്കിയില്ല. 19 മണിക്കൂര്‍ വരെ നീണ്ടുനിന്ന പരിപാടിയില്‍ മുഴുവന്‍ നേരവും പങ്കെടുത്ത് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിര്‍ദേശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. പരാതികളില്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ച് പരഹാരം കാണണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും അദ്ദേഹം ശ്രദ്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *