മുംബൈ: ശിവസേന’യുടെ പേരും ചിഹ്നമായ ‘അമ്പും വില്ലും ’ ഏകനാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജി ജൂലൈ 31 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാവും വാദം കേൾക്കുക. നേരത്തെ, ഫെബ്രുവരി 22 ന്, താക്കറെയുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാണമെന്ന് സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്ന് വിഷയം മൂന്നാഴ്ചയ്ക്ക് ശേഷം പട്ടികപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, ഏകനാഥ് ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച് പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചെങ്കിലും അത് ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് നൽകാൻ തയാറായി.
സിംബൽസ് ഓർഡറിലെ ഖണ്ഡിക 15 പ്രകാരമുള്ള തർക്കങ്ങളുടെ നിഷ്പക്ഷ മദ്ധ്യസ്ഥൻ എന്ന നിലയിൽ ഇലക്ഷൻ കമ്മീഷൻ അതിന്‍റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അതിന്‍റെ ഭരണഘടനാ പദവിയെ തടയുന്ന രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ഹർജിയിൽ വാദിച്ചിരുന്നു.
എന്നാൽ ഇതിന് മറുപടിയായി, ശിവസേനയുടെ പേരും പാർട്ടി ചിഹ്നവും ഷിൻഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് യുക്തിസഹമായ ഉത്തരവാണ് പാസാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അതിന്‍റെ എതിർ സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു
