ഐഫോണിന്‍റെ ആദ്യ ഇന്ത്യൻ നിർമാതാക്കളാകാൻ ടാറ്റാ ഗ്രൂപ്പ്ഇന്ത്യയിൽ ഐഫോണിന്‍റെ വിതരണത്തിന് അവകാശമുള്ള വിസ്ട്രോണിന്‍റെ കർണാടകയിലെ ഫാക്റ്ററി ഏറ്റെടുക്കുന്നു

ബംഗളൂരു: ഐഫോണിന്‍റെ ആദ്യ ഇന്ത്യൻ നിർമാതാക്കളാകാൻ ടാറ്റാ ഗ്രൂപ്പ് തയാറെടുക്കുന്നു. നിലവിൽ ഇന്ത്യയിൽ ഐഫോണിന്‍റെ വിതരണത്തിന് അവകാശമുള്ള വിസ്ട്രോണിന്‍റെ കർണാടകയിലെ ഫാക്റ്ററി ഏറ്റെടുക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഏറ്റെടുക്കൽ കരാർ അടുത്ത മാസം തന്നെ യാഥാർഥ്യമാകുമെന്നാണ് സൂചന.

ഏകദേശം അയ്യായിരം കോടി രൂപയാണ് കരാർ തുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തായ്‌വാൻ ആസ്ഥാനമായ കമ്പനിയാണ് വിസ്ട്രോൺ. നിലവിൽ പതിനായിരം പേർ അവരുടെ കർണാടകയിലെ പ്ലാന്‍റിൽ ജോലി ചെയ്യുന്നു. ഏറ്റവും പുതിയ ഐഫോൺ 14 മോഡൽ വരെ ഇവിടെ അസംബിൾ ചെയ്യുന്നുണ്ട്.

2024 മാർച്ചിനുള്ളിൽ 15,000 കോടി രൂപയ്ക്കുള്ള ഐഫോൺ മോഡലുകൾ പൂർത്തിയാക്കാനുള്ള കരാറാണ് വിസ്ട്രോൺ ഏറ്റെടുത്തിരുന്നത്. ഫാക്റ്ററി ഏറ്റെടുക്കുമ്പോൾ ഈ കരാർ കൂടിയാവും ടാറ്റാ ഗ്രൂപ്പിനു കൈമാറുക. ജീവനക്കാരുടെ എണ്ണം മൂന്ന് മടങ്ങായി വർധിപ്പിക്കാനും ഉദ്ദേശിക്കുന്നു.

ഇന്ത്യയിലെ ഐഫോൺ വിതരണത്തിൽനിന്ന് പൂർണമായി പിൻമാറാനാണ് വിസ്ട്രോൺ തീരുമാനിച്ചിരിക്കുന്നത്. വിസ്ട്രോണിനെ കൂടാതെ തായ്‌വാനിൽനിന്നു തന്നെയുള്ള ഫോക്സ്കോൺ, പെഗാട്രോൺ എന്നീ ഗ്രൂപ്പുകളാണ് നിലവിൽ ഇന്ത്യയിൽ ഐഫോൺ വിതരണം നടത്തിവരുന്നത്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി നടപ്പാക്കിയതോടെയാണ് ആപ്പിൾ ചൈനയിൽ ഐഫോൺ ഉത്പാദനം കുറച്ച് ഇന്ത്യയിൽ വർധിപ്പിക്കാൻ ആലോചിച്ചുതുടങ്ങിയത്. ഇന്ത്യൻ കമ്പനി തന്നെ ഇന്ത്യയിൽ ഐഫോൺ നിർമിച്ചു തുടങ്ങുന്നതോടെ ഈ മാറ്റം കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

155 വർഷത്തിന്‍റെ പാരമ്പര്യമുള്ള ടാറ്റാ ഗ്രൂപ്പിന് ഉപ്പ് മുതൽ എയർലൈൻ വരെ അനവധി മേഖലകളിൽ വ്യവസായ സംരംഭങ്ങളുണ്ട്. ഐഫോണിന്‍റെ ബാക്ക് കവർ നേരത്തെ മുതൽ ടാറ്റായുടെ തമിഴ്‌നാട് ഫാക്റ്ററിയിൽ നിർമിച്ചുവരുന്നുണ്ട്.

Share
അഭിപ്രായം എഴുതാം