റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു ഉന്നതാധികാര സമിതിയെ നിയോഗിച്ചു സുപ്രീം കോടതിയുടെ നിര്‍ണായകവിധി. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും (സി.ഇ.സി) തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും (ഇ.സി). തെരഞ്ഞെടുക്കണമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

സി.ബി.ഐ. ഡയറക്ടറുടെ കാര്യത്തില്‍ പിന്തുടരുന്നതുപോലെയുള്ള സ്വതന്ത്ര സംവിധാനം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്. ഇതുവരെ പിന്തുടര്‍ന്നു പോന്ന തെരഞ്ഞെടുപ്പ് രീതി ജനാധിപത്യത്തിന്റെ ശവക്കുഴിയിലേക്കുള്ള വഴിയാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവര്‍കൂടി അംഗങ്ങളായ ബെഞ്ചിന്റെ വിധിപ്രസ്താവം. ജനാധിപത്യത്തില്‍, തെരഞ്ഞെടുപ്പിന്റെ പരിശുദ്ധി നിലനിര്‍ത്തണം. അല്ലാത്തപക്ഷം അതു വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കൊളീജിയം പോലുള്ള സംവിധാനം വേണമെന്നായിരുന്നു ചില ഹര്‍ജിക്കാരുടെ വാദം.

ഭരണഘടനയുടെ 324-ാം അനുച്‌ഛേദം അനുസരിച്ച് കേന്ദ്രത്തിന്റെ ശിപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് ഇപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണര്‍മാരെയും നിയമിക്കുന്നത്. തുടര്‍ന്നും രാഷ്ട്രപതി തന്നെയാകും നിയമനം നടത്തുക. പക്ഷേ, ഉന്നതാധികാര സമിതിയുടെ ശിപാര്‍ശയാകും പരിഗണിക്കുക.
ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് ഇല്ലെങ്കില്‍, പ്രതിപക്ഷത്തെ ഏറ്റവും അംഗബലമുള്ള കക്ഷിയുടെ നേതാവാകും സമിതിയില്‍. പാര്‍ലമെന്റ് ഈ വിഷയത്തില്‍ ഒരു നിയമം പാസാക്കുംവരെ ഈ ഉത്തരവ് നിലനില്‍ക്കുമെന്നും ബെഞ്ച് പ്രസ്താവിച്ചു. ഏകകണ്ഠവിധിയോടു യോജിച്ച ജസ്റ്റിസ് രസ്‌തോഗി, തന്റെ ന്യായവാദമുള്‍പ്പെടുത്തി വേറിട്ട വിധി പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സ്വതന്ത്രവും നീതിയുക്തവുമായ പങ്കുവഹിക്കാന്‍ സമിതിക്കു കഴിയണമെന്ന് ബെഞ്ച് ഉദ്‌ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ഭരണഘടന ആവശ്യപ്പെടുന്ന ഒരു നിയമവും പാര്‍ലമെന്റ് പാസാക്കിയിട്ടില്ലെന്ന നിരീക്ഷണവും പങ്കുവച്ചു.

ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കിടെ മുന്‍ ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതിലെ ‘തിടുക്കവും’ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 19 ന്, കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പഞ്ചാബ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *