റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ ഉയർത്തണമെന്ന നിർദേശം നടപ്പാക്കി കേരളം

March 2, 2023 - 10:03 am

ന്യൂഡൽഹി: സുപ്രീം കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച 68 ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ പരിഷ്കരിച്ചതിന്റെ ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് കൈമാറി.

1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ പരിഷ്കരിച്ച് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പെൻഷൻ പരിഷ്കരിച്ച് സംസ്ഥാനം ഉത്തരവിറക്കിയത്.

1996 ജനുവരി ഒന്നിനും, 2005 ഡിസംബർ 31 -നും ഇടയിൽ വിരമിച്ച 68 ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ പരിഷ്കരിച്ചതിന്റെ ഉത്തരവാണ് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് കൈമാറിയത്. ഇതിൽ 36 പേർക്ക് അധികമായി നൽകേണ്ട കുടിശ്ശിക ഉൾപ്പടെ നൽകിയതായും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കി. 2006 മുതൽ വിരമിച്ചവർക്ക് പരിഷ്കരണം കാരണം പെൻഷനിൽ വർദ്ധനവ് ഉണ്ടാകില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വൈകിയാണെങ്കിലും ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ പരിഷ്കരിച്ചതിന് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ സുപ്രീം കോടതി അഭിനനന്ദിച്ചു. കേരളത്തിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് സുപ്രീം കോടതിയിൽ ഹാജരായത്.

1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർധിപ്പിക്കാൻ സുപ്രീം കോടതി 2012-ൽ ഉത്തരവിട്ടിരുന്നു. കർണാടക മോഡലിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഓഫീസർമാരുടെയും പെൻഷൻ വർധിപ്പിക്കാനായിരുന്നു കോടതി നിർദേശം, 3.07 മടങ്ങിന്റെ വർധനവാണ് നിർദേശിച്ചത്. വഹിച്ചിരുന്ന തസ്തികയുടെ പരിഷ്കരിച്ച ശമ്പള സ്കെയിലിന്റെ ചുരുങ്ങിയത് അമ്പത് ശതമാനം എങ്കിലും പെൻഷനായി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *