തണ്ടര്‍ബോള്‍ട്ട്‌സ് ഒന്നാമത്

ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മുംബൈ മിറ്റീരിയേഴ്‌സിനെ 3-2 നു തോല്‍പ്പിച്ചു. സ്‌കോര്‍: 12-15, 15-6, 12-15, 15-11, 15-11. അഞ്ച് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ തണ്ടര്‍ബോള്‍ട്ട്‌സ് ഒന്നാം സ്ഥാനത്തായി. നാല് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടിയ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെയാണ് അവര്‍ മറികടന്നത്. കൊല്‍ക്കത്ത രണ്ടാം സീസണില്‍ നാലു മത്സരങ്ങള്‍ ജയിച്ചു.

ഒന്നില്‍ മാത്രമാണു തോറ്റത്. മൂന്ന് പോയിന്റ് നേടിയ മുംബൈ മിറ്റീരിയേഴ്‌സ് ആറാം സ്ഥാനത്താണ്. മൂന്നില്‍ മൂന്നും ജയിച്ച കാലിക്കറ്റ് ഹീറോസ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം സീസണിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചത് അവര്‍ മാത്രമാണ്.
നാലു കളികളും തോറ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല. ഹൈദരാബാദും ബംഗളുരുവും തമ്മില്‍ ഇന്നു നടക്കുന്ന മത്സരത്തോടെ ജി.എം.സി. ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ മത്സരങ്ങള്‍ അവസാനിക്കും. 24 മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിയലാണു തുടര്‍ന്നുള്ള മത്സരങ്ങള്‍. 24 ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും.

Share
അഭിപ്രായം എഴുതാം